വഴിയരികില്‍ നില്‍ക്കുന്ന മരമെന്നോടു പറഞ്ഞത്,
തണലുപാകിയിങ്ങനെ
ചിരിച്ചുനിൽക്കലൊന്നും
ഒരു കഥയേ അല്ല എന്ന്.
ഞാന്‍,
മാവാണോ മത്തനാണോ
കവുങ്ങാണോ കാഞ്ഞിരമാണോ
എന്നുപോലുമറിയില്ലാര്‍ക്കും.
ഒരുനാള്‍,
പലരാല്‍ ഒറ്റുകൊടുക്കപ്പെട്ട്
വെട്ടിമാറ്റാനൊരു വാളുറഞ്ഞുവരുമ്പോള്‍,
ആരെങ്കിലുമൊന്ന്
‘അരുതെ’ന്ന് പറഞ്ഞാല്‍ മാത്രമേ
ഈ മരജീവിതമൊരു കവിതയാകൂ.
അതുകൊണ്ട് മോനേ………,
നഗ്നനായിങ്ങനെ
ജീവിതനടുവിലിളിച്ചുനില്‍പ്പിലൊന്നും
ഒരു കഥയുമില്ല.
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.