അത്തം
അർത്ഥമേറെപ്പൊലിപ്പിച്ചൊരോർമ്മതൻ
ആർത്തിരമ്പൽ തുടങ്ങുന്നതിങ്ങനെ!
ചിത്തിര
ഇന്നലത്തേക്കാളുമോർമ്മതൻ കോലായിൽ
ചിത്തിരക്കളം തീർക്കുന്നതിങ്ങനെ!
ചോതി
എത്രയിമ്മട്ടിലോർമ്മകൾ കാണുമെ –
ന്നോർത്തിരിക്കുന്ന പൂച്ചോതിയിങ്ങനെ!
വിശാഖം
ഓർത്തിരിക്കാതെയോരോന്നുമോരോന്നു-
മറ്റുപോകുന്ന കോലങ്ങളിങ്ങനെ!
അനിഴം
അത്രമേൽ ചേർത്തു പ്രേമിച്ചൊരോർമ്മയെ
ആർത്തിയോടേയൊരുക്കുന്നതിങ്ങനെ!
തൃക്കേട്ട
പൂമണം ചന്തമൊട്ടിനിൽക്കും പോലെ
പൂക്കളം തൊട്ട മുറ്റങ്ങളിങ്ങനെ!
മൂലം
ഓണമൊന്നിന്റെയോർമ്മമൂലം കാണ-
മുണ്ടു പോന്നോരു കാലങ്ങളങ്ങനെ!
പൂരാടം
കാലമെത്ര കടന്നാലുമത്രമേൽ
കാത്തുവെച്ചോരു പൂക്കാലമിങ്ങനെ!
ഉത്രാടം
ചോർന്നു വാർന്നു പോം കാറ്റിന്റെയോർമ്മ പോൽ
ഓണരാവിന്റെയുത്രാടമിങ്ങനെ!
തിരുവോണം
അല്പ മാത്രകൾ മാത്രം…
‘പിന്നെ നീയെന്നെ വിട്ടു പോ’മെന്ന തിരുവോണമിങ്ങനെ!