ഞാന്‍ അതിനു വന്നതൊന്നുമല്ല.
നിന്റെ പേടി കണ്ടാല്‍ തോന്നും
ഞാന്‍ നിന്നെ കൊല്ലാന്‍ വന്നതാണെന്ന്.
ഞാന്‍ നിന്നെ അന്വേഷിച്ച് വന്നതുമല്ല.
നിന്റെ പരിഭ്രമം കണ്ടാല്‍ തോന്നും
ഞാന്‍ കുറച്ച് കാശ് ചോദിക്കാന്‍ വന്നതാണെന്ന്.
നിന്റെ പരുങ്ങല്‍ കണ്ടാല്‍ തോന്നും
‘ഞാനൊന്നും കഴിച്ചിട്ടില്ല…’ എന്നെങ്ങാന്‍
പറഞ്ഞുകളയുമോ ഞാനെന്ന്.
ഞാന്‍ കഴിച്ചതാണ്,
സിഗററ്റ് എന്റെ കയ്യിലുണ്ട്,
മദ്യം ആവശ്യത്തിനകത്തുണ്ട്,
ഇന്നത്തെ നേരമ്പോക്കും കഴിഞ്ഞുകഴിഞ്ഞു.
ഇതൊന്നും വേണ്ടെങ്കില്‍ പിന്നെ,
നീയെനിക്കെന്തിനാണ്?
ഒരു പരിചയവും
യാതോരു പരിഭ്രമവും ഇല്ലെങ്കില്‍ പിന്നെ,
നമ്മള്‍ തമ്മിലെന്താണ്?
അപ്പൊ ശരി…
ഞാന്‍ വന്നിട്ടുമില്ല,
പോയിട്ടുമില്ല.
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.