വായില്‍,
തെറിമാത്രം വരും
അമ്പലമുറ്റത്തെത്തിയാല്‍.
വൃത്തികേടുകളുടെ
പെരുമഴപ്പാച്ചിലാവും
ശ്രീകോവിലിനു മുന്നില്‍ നിന്നാല്‍.
മാന്യവ്യക്തികളെ കണ്ടാല്‍
മുഖത്ത് തുപ്പാന്‍ തോന്നും.
നല്ല വേഷംകെട്ടലുകളെ കണ്ടാല്‍
കാല്‍ വെച്ചു വീഴ്ത്താന്‍ തോന്നും.
ഇങ്ങനെ തുടങ്ങിയതാണ്.
ഇപ്പോള്‍,
എല്ലാ കാര്യവും
രണ്ടുവട്ടമെങ്കിലും
ചെയ്യണമെന്നായിട്ടുണ്ട്.
ചെരുപ്പ് രണ്ടുവട്ടമൂരിയിട്ടാലേ
സമാധാനമാകൂ.
വാതില്‍ തുറന്നടച്ച് വീണ്ടുമൊന്ന് തുറന്നടയ്ക്കണം.
പിന്നെപ്പിന്നെ,
സംശയമായി.
ഞാനിടും മുന്‍പ്
ഒന്നാംവട്ടം
മറ്റാരോ ചെരിപ്പിട്ടോ?
ഞാനൂരും മുന്‍പേ
ആരോ
എന്റെ ഷര്‍ട്ടൂരിയിട്ടോ.?
ഞാനുരുളയുരുട്ടും മുന്‍പുതന്നെ
മറ്റാരോ
എന്റെ വയര്‍ നിറച്ചോ.?
ഞാന്‍ ഉറക്കാനോര്‍ക്കുമ്പോഴേ,
മോനെ
ആരോ
ഉറക്കുന്നുണ്ട്.
ആരാരോ…. ആരോ….
ഞാന്‍ ചെയ്യേണ്ട കൊലയെല്ലാം
മറ്റാരോ ചെയ്യുന്നു.
ഞാന്‍ ചെയ്യേണ്ടതായിരുന്നു
ബലാത്‌സംഗം;
ആരോ ചെയ്തു നേര്‍ത്തേ.
എന്റെ വായിലെ
നുരയ്ക്കുന്ന വാക്കുകളൊക്കെ
നേതാവ് പറഞ്ഞുതീര്‍ത്തു.
എനിക്കു മുന്‍പേ,
ആ
കയറിലാരും
തൂങ്ങാതിരുന്നാല്‍
മതിയായിരുന്നു.
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.