ഫ്‌ളക്‌സാണ് വഴിനീളെ.
വിരല്‍ മാത്രമനക്കി,
ദിവസങ്ങള്‍ക്കുള്ളില്‍
മോഹിനിയാട്ടത്തെ
ഗിന്നസ്സിലൊതുക്കിയ
ആട്ടക്കാരിക്ക് ആശംസകള്‍.
മദമിളകിയതിനും
ഇളകാത്തതിനും
പട്ട തിന്നതിനും
പട്ടം കിട്ടിയതിനും
ആനകള്‍ക്കാശംസകള്‍.
ഒട്ടും മോശമല്ലാതെ
അഭിനയിച്ചുകൊണ്ടേ ഇരിക്കുന്നതിന്
മമ്മൂക്കയ്ക്കും
ലാലേട്ടനും
ആശംസകള്‍.
ബ്രദറില്‍ നിന്നും
ഫാദറായ
കുഞ്ഞച്ചന് ആശംസകള്‍.
ഹുങ്കിനും
പങ്കിനും
പൊങ്കാലയ്ക്കും ആശംസകള്‍.
അമ്മയ്ക്കും
ശ്രീയ്ക്കും
ശ്രീമതിയ്ക്കും
ശ്രീക്കുട്ടനും
അശ്രീകരത്തിനും വരെ
ആശംസകള്‍.
പത്മശ്രീയ്ക്ക്,
നിരാഹാരം കിടന്നവന്,
മത്സരിക്കാന്‍ വീണ്ടും തീരുമാനിച്ചവന്,
പാര്‍ട്ടിവിലപേശലില്‍
സീറ്റ് കിട്ടാതെ പുറത്തുപോയവന്,
വലിയ ദേശക്കാഴ്ചയ്ക്ക്,
വലിയ വേശ്യപ്പെരുമയ്ക്ക്
പൊട്ടിന്,
പൊക്കിളിന്
എല്ലാമെല്ലാമാശംസകള്‍.
നാല് പുത്തന്‍ ചെലവാക്കി
ഞാനും വെക്കട്ടെ
പത്തിരുപത് ഫ്‌ളക്സ്.
ഒന്നിനും പുറകിലാകരുത്
സെല്‍ഫ് പ്രമോഷന്റെ കാലമാണ്.
‘മകളുടെ തീണ്ടാരിക്കല്ല്യാണം
ഗംഭീരമായി നടത്തിയ
ശ്രീ, എനിക്ക്
ആശംസകള്‍.
ഞാന്‍ ഫാന്‍സ് അസോസിയേഷന്‍’.