വൈകുന്നേരങ്ങളിലാണെന്റെ നിഴല്‍
എന്നെയും കടന്നു വളരുന്നത്.
പുലര്‍ച്ചകളില്‍
ഞാനവനെ
കണ്ടതായോര്‍ക്കുന്നേ ഇല്ല.
ഉച്ചയ്ക്കവന്‍
ദാസനായ്,
അടിയാളനായ്
കാല്‍ക്കീഴിലടങ്ങുന്ന കാണാം.
വൈകീട്ട്,
രണ്ടടിച്ച്,
ധൈര്യം വാങ്ങിയാകുമോ
രാത്രിയിലേയ്ക്കവന്‍
എന്നേക്കാള്‍ വേഗത്തില്‍
വളരുന്നത്!?
എന്റെ നിഴല്‍
വളര്‍ന്നുപടര്‍ന്നാകുമോ
രാത്രിയുണ്ടായത്!!?
ദൈവമേ……..!
നേരം വേഗം വെളുക്കണേ…….……
ഇന്നലെയും കൂടി
എന്റെ നിഴലില്‍
ഞാന്‍
മൂത്രമൊഴിച്ചതായിരുന്നു;
ചുമ്മാ,
ഒന്നു വെറുപ്പിക്കാന്‍.