കണ്ടാനന്ദിക്കേണ്ടത്
എനിക്കെങ്കില്‍,
വാതിലിന്റെ ഉള്‍ഭാഗത്തല്ലേ
കൊത്തുപണികള്‍ ചെയ്യിക്കേണ്ടത്
ഞാന്‍?
പുറം വാതിലിലെ
ചിത്രപ്പൂട്ടും
കരവേലയുമെല്ലാം
നിങ്ങള്‍ക്കാനന്ദത്തിലാറാടാന്‍.
പുറത്തുനിന്നും നിങ്ങള്‍ വരുമ്പോള്‍,
കഴിപ്പാന്‍ ഡൈനിങ് റൂമും
കുളിപ്പാന്‍ ടബ്ബും
നിങ്ങള്‍ക്കു കിടപ്പാന്‍ ബെഡ്‌റൂമും
നിങ്ങള്‍ക്കു മാത്രമായി
ക്ലോസറ്റ് യൂറോപ്യനും വെച്ചുതന്നില്ലേ
ഞാന്‍.
നിങ്ങളെ ആനന്ദിപ്പിക്കുന്ന തിരക്കില്‍
ഈ
ആനന്ദമാര്‍ഗ്ഗിയുടെ
കയ്യിലെ കാശ് തീര്‍ന്നു സ്വാമീ…
തേയ്ക്കാത്ത,
പുറകിലെ ചുമരും
ലൈറ്റ് തൂങ്ങാത്ത
ഫാന്‍സീലൈറ്റ് പോയന്റുകളും
ചുമരലമാരയുടെ പൊത്തുകളുമെല്ലാം
എനിക്കുവേണ്ടി മാത്രം
ബാക്കിയായതാണ്.
കാറില്ലെങ്കിലും,
ടൈലിട്ടു പണിത പോര്‍ച്ചില്‍,
വട്ടിയും
മുറവും
ചൂലും
കൊട്ടത്തേങ്ങയുമെല്ലാം
കൂട്ടിയിട്ടത്,
നിങ്ങള്‍ക്കു വേണ്ടി
ഞാന്‍ പണിത ഈ വീടിന്
കണ്ണുതട്ടാതിരിക്കാന്‍ മാത്രം.!
ഒരു വീടാവുമ്പോള്‍
എല്ലാം നോക്കണമല്ലോ.