പരിഹസിക്കപ്പെടേണ്ട വര്‍ഗ്ഗമല്ല
പട്ടികള്‍.
‘നായിന്റെ മോനേ’,
എന്ന് വിളിക്കപ്പെടേണ്ട തന്തയില്ലായ്മത്തരം
നായ്ത്തലയിലല്ല കെട്ടിവെക്കേണ്ടത്.
ജിമ്മി എന്നോ
ടൈഗര്‍ എന്നോ
കേണല്‍ എന്നോ
നായയെ വിളിച്ച്
സായിപ്പിനെ
ചെകിടത്തടിച്ച് രസിച്ചില്ല മനസ്സ്.
ഭഗത്‌സിങ്ങിലെ ഭഗത്തും
രാജ്ഗുരുവിലെ രാജും
സുഖ്‌ദേവിലെ സുകുവും
ആര്‍ക്കുമാര്‍ക്കും പിടികിട്ടാതെ
നായ്‌പ്പേരുകളായി.
വെറും നായ്ക്കളല്ല;
കുരച്ചുചാടുന്ന,
നെറികെട്ടവനെ കടിച്ചുകീറുന്ന
പ്രിയ സുഹൃത്തുക്കളായി അവര്‍.
കാറില്‍ കയറാന്‍ കൂട്ടാക്കാതെ,
ചങ്ങലത്തുമ്പില്‍
അളന്നൊരുക്കിയ
നടത്തം നടക്കാതെ,
അനാവശ്യമായി വാലുപോലുമാട്ടാതെ,
തനി നാടന്‍
നായകളായി
അവര്‍ നാട്ടില്‍ വിലസി.
കുരയ്ക്കുന്ന പട്ടികളെ
ഹൗസിംങ് കോളനി അസോസിയേഷന്‍
നിരോധിക്കാന്‍ പോകുന്നത്രേ.
പെഡിഗ്രി നിര്‍ബന്ധമത്രേ.
നാടനായിട്ട്
നാട്ടില്‍
പച്ചക്കറി മാത്രം മതിയത്രേ.
നായ്ക്കളെ മാറ്റണം;
പേരെങ്കിലും മാറ്റണം.
എന്റെയോ
നിന്റെയോ പേരിടണം
കുരയ്ക്കാത്ത;
എന്തിനുമേതിനും
വാലാട്ടാന്‍ മാത്രമറിയാവുന്ന
ഈ
പട്ടികള്‍ക്ക്.