സന്തോഷത്താലോ സങ്കടത്താലോ മല്ലിശ്ശേരിയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. മല്ലിശ്ശേരി സാഷ്ടാംഗം നമസ്‌ക്കരിച്ചു. കണ്ണന്‍ കുട്ടികളോടൊത്ത് ഓടിക്കളിക്കുന്ന ആ മണ്ണില്‍നിന്നും എഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല.
ഉത്രാടം കഴിഞ്ഞു. തിരുവോണനാള്‍ നിര്‍മ്മാല്യദര്‍ശനത്തിനായി ശാന്തിക്കാരന്‍ നടതുറന്നു. തലേന്ന് രാത്രി, കണക്ക് ബോധിപ്പിച്ച് നടയടയ്ക്കുമ്പോള്‍ ശ്രീകോവിലില്‍ ഇല്ലാതിരുന്ന രണ്ട് കുഞ്ഞ് പുടവകള്‍ വിഗ്രഹത്തിന് മുന്നില്‍ കിടക്കുന്നു!
‘ഇതെങ്ങനെ ഇവിടെ വന്നു!? ഭാഗ്യം! എണ്ണ വീണ് തീ പടരാതിരുന്നത്’ എന്ന് കരുതി, കുഞ്ഞുമുണ്ടുകള്‍ എടുത്ത് നടയ്ക്ക് പുറത്തേയ്ക്ക് ഇടാന്‍ തുടങ്ങുമ്പോള്‍, എവിടെനിന്നോ ഒരു അശരീരി മുഴങ്ങി.
“അതെനിക്ക് മുത്തശ്ശന്‍ തന്ന ഓണക്കോടിയാ. ഇന്ന് തിരുവോണല്ലേ…! അത് രണ്ടും എന്നെ ഉടുപ്പിക്കൂ…”
ശാന്തിക്കാരന് ദേഹം മുഴുവന്‍ കോരിത്തരിച്ചു.
‘ഇരുപത്തിനാല് മണിക്കൂറും കണ്ണനെത്തന്നെ നിനച്ചിരിക്കുന്നവന്‍ ഞാന്‍. ഒരു മാത്ര തെറ്റാതെ കണ്ണന്റെ ഇഷ്ടങ്ങളെല്ലാമൊരുക്കിക്കൊടുക്കുന്നവന്‍ ഞാന്‍. എന്നാല്‍, ദര്‍ശനം കിട്ടിയത് ആ മുത്തശ്ശന്! എങ്കിലെന്താ…! ഭഗവാനേ…, അങ്ങനെയൊരു മുത്തശ്ശന്‍ ഇവിടെയുള്ളതുകൊണ്ട്, എനിക്കങ്ങയുടെ ശബ്ദം കേള്‍ക്കാന്‍ സാധിച്ചില്ലേ! ഉണ്ണിക്കണ്ണന്‍ കയ്യിലേറ്റുവാങ്ങിയ ഈ പുടവ എന്റെ കൈകൊണ്ടെടുത്ത്, പൊന്നുണ്ണിക്കണ്ണനെ ഉടുപ്പിക്കാന്‍ അവസരം വന്നില്ലേ.!’
ശാന്തിക്കാരന്‍തിരുമേനിയുടേയും കണ്ണുകള്‍ നിറഞ്ഞൊഴുകി.
മല്ലിശ്ശേരിയിലെ കാര്‍ന്നവര്‍തിരുമേനിയുടെ കയ്യില്‍നിന്നും രണ്ട് ഓണപ്പുടവകള്‍ കണ്ണന്‍ നേരിട്ടുവന്ന് വാങ്ങിയ വിവരം അതിശീഘ്രം പരിസരവാസികളെല്ലാമറിഞ്ഞു. കൂട്ടത്തില്‍ മല്ലിശ്ശേരിയും. കേട്ടപാതി കേള്‍ക്കാത്ത പാതി മല്ലിശ്ശേരിമുത്തശ്ശന്‍ ഇല്ലത്തുനിന്നിറങ്ങി അമ്പലത്തിലേയ്‌ക്കോടി. ‘കണ്ണാ…, തിരുവോണത്തിന്റന്ന് ആ പുടവ ചുറ്റി നിന്നെ കാണണംന്ന് ഞാന്‍ മനസ്സിലോര്‍ക്കും മുന്‍പ് നീയതറിഞ്ഞിരുന്നല്ലേ…!’
നടയ്ക്കലെത്തി, ശ്രീകോവിലിനുള്ളില്‍ ഓണക്കോടി ചുറ്റിനില്‍ക്കുന്ന കണ്ണനെ നോക്കിയെങ്കിലും മല്ലിശ്ശേരി ഒന്നും കണ്ടില്ല. തള്ളിവന്ന തേങ്ങലില്‍ മല്ലിശ്ശേരി പറഞ്ഞു.
“കണ്ണില്‍ വെള്ളം നിറഞ്ഞിട്ട് ഉണ്ണീ…, മുത്തശ്ശനൊന്നും കാണാന്‍ വയ്യ…. ഇത്തിരി കഴിഞ്ഞിട്ട് കണ്ണ് നെറച്ചും മോനെ കാണാട്ടോ മുത്തശ്ശന്‍.”
ഗുരുവായൂരപ്പന്റെ, കുസൃതിയും വാത്സല്യവും നിറഞ്ഞ കഥകളുടെ സമാഹാരം ഉടൻ പ്രസിദ്ധീകരിക്കും.