ഉണ്ണി, പറഞ്ഞാല്‍ പറഞ്ഞതാണ് എന്ന മട്ടിലാണ്. അതായത്, ‘ആര്‍ക്കും തികയാതെ വരില്ലാ…’ എന്ന്.
ശരി.. മല്ലിശ്ശേരിമുത്തശ്ശന്‍, ഇടതുകൈ നീട്ടിപ്പിടിച്ചുനിന്ന കുട്ടിയുടെ കയ്യില്‍, രണ്ടാമത്തെ ഓണപ്പുടവയും വെച്ചുകൊടുത്തു. എന്നിട്ട് കള്ളച്ചിരിയോടെ ചോദിച്ചു.
“ഇനി ഒരുമ്മ വേണോ ആവോ…!?”
മുത്തശ്ശനേക്കാള്‍ കള്ളച്ചിരിയോടെ ഉണ്ണി പറഞ്ഞു.
“ഇനി വേണമെങ്കില്‍ ഒരുമ്മയൊക്കെ ആവാം…”
മുത്തശ്ശന്‍ പൊട്ടിച്ചിരിച്ച്, ഉണ്ണിയെ വാരിപ്പുണര്‍ന്ന്, നെറ്റിയില്‍ ഉമ്മവെച്ചു. രണ്ടുകയ്യിലും ഓണക്കോടിയുമായി, ആ ഉണ്ണിയും തൂണുകള്‍ക്കിടയിലൂടെ ഓടിമറഞ്ഞു.
ഓരോ കുട്ടിക്കും ശേഷം, അടുത്ത ആള്‍ വന്ന് ഓണപ്പുടവ വാങ്ങിക്കൊണ്ടിരുന്നു. ഉണ്ണികള്‍ എല്ലാവരും കഴിഞ്ഞെന്ന് കരുതിയിരിക്കുമ്പോള്‍ ഒരു മൊട്ടത്തലയന്‍ ഓടിച്ചാടിവരുന്നു.
“ഇയ്ക്ക് കിട്ടീല്ല്യാ…”ന്നും പറഞ്ഞാണ് വരവ്. ഗുരുവായൂര് ചോറൂണും ചോറ്റാനിക്കരയില്‍ തുലാഭാരവും പഴനിയില്‍ മൊട്ടയടിയും നടത്തിയ കൂട്ടിയാവുമെന്ന് ഒറ്റനോട്ടത്തില്‍ മല്ലിശ്ശേരിക്ക് തോന്നി.
“ദാ… കൈനീട്ടിക്കോളൂ… പിടിച്ചോളൂ…”
ഓണക്കോടി ആ കുട്ടിയുടെ കൈയ്യില്‍ വെച്ചുകഴിഞ്ഞപ്പോഴാണ് മല്ലിശ്ശേരി ശരിക്കുമൊന്നു പരിഭ്രമിച്ചത്. ഇനി തുണിയില്ല! തീര്‍ന്നിരിക്കുന്നു. ഭഗവാനേ…! ചതിച്ചല്ലോ…! അപ്പോള്‍ നടയ്ക്കല്‍ വെയ്ക്കാന്‍ എന്തുചെയ്യും?
‘രണ്ടെണ്ണം വാങ്ങിപ്പോയ ആ ഉണ്ണി ഒരെണ്ണമാണ് വാങ്ങിയിരുന്നതെങ്കില്‍….!’ മല്ലിശ്ശേരി വിഷമത്തോടെ കൊതിച്ചുപോയി.
ദൈവം സഹായിച്ച്; അമ്പലത്തിലെ ഉണ്ണികളെല്ലാം തീര്‍ന്നിരുന്നു. ഓടിനടക്കുന്ന; കുട്ടികളായ കുട്ടികളുടെ കയ്യിലൊക്കെ, മുത്തശ്ശന്‍ ഉമ്മചേര്‍ത്തുനല്‍കിയ ഓണക്കോടി!
മല്ലിശ്ശേരി പതുക്കെ എഴുന്നേറ്റ് നടയ്ക്കലെത്തി. കണ്ണന്റെ മുന്നിലെത്തി തൊഴുത് സങ്കടംപറഞ്ഞു.
“കണ്ണാ…, എന്റെ കണക്കില്‍ ചെറിയൊരു പിഴവ് വന്നു. ഇനി ഒരു പുടവ വാങ്ങിക്കൊണ്ടുവന്ന് സമര്‍പ്പിക്കല്‍ ഇന്നും നാളെയും നടക്കില്ല. തറിക്കാരന്‍ ഇനി ഓണം കഴിഞ്ഞേ തുണിക്കെട്ടുമായി ഇല്ലത്തു വരൂ… മാപ്പാക്കണം. അടിയന്‍ സമര്‍പ്പിക്കണ ഓണക്കോടിയുടുത്ത്. തിരുവോണത്തിന് കണ്ണാ…, നിന്നെ കാണണംന്നൊരു പൂതിണ്ടായിരുന്നു. സാരല്ല്യ. ആയുസ്സും അനുഗ്രഹവും ഉണ്ടെങ്കില്‍ അടുത്ത വര്‍ഷമാവാം.”
ഗുരുവായൂരപ്പന്റെ, കുസൃതിയും വാത്സല്യവും നിറഞ്ഞ കഥകളുടെ സമാഹാരം ഉടൻ പ്രസിദ്ധീകരിക്കും.