മുത്തശ്ശന്, ഉണ്ണിയുടെ വലതുകയ്യില്‍ ഓണക്കോടി വെച്ചു. ഉണ്ണി അത് വാങ്ങി പുറകിലേയ്ക്ക് പിടിച്ച്, നീട്ടിപ്പിടിച്ച ഇടതുകയ്യോടെ അതേ നില്‍പ്പ് നിന്നു.
“ഇനിയെന്താ…? കിട്ടിയില്ലേ….!?”
“ഈ കയ്യില് കിട്ടിയില്ലല്ലോ….”
“അയ്യോ…! ഒരു കുട്ടിക്ക് ഒരു ഓണക്കോടി. അതല്ലേ അതിന്റെ ശരി? ഇതുവരേം, മുത്തശ്ശന്‍ അങ്ങന്യാ എല്ലാര്‍ക്കും കൊടുത്തത്.”
“ഇതുവരേം… ഒര് ഓണക്കോടീം… ഒരു ഉമ്മേം അല്ലേ കൊട്ത്തത്…?”
“അതേ…”
“ഉണ്ണിക്ക് ഉമ്മ വേണ്ട. അതിനുംകൂടി ഓണക്കോടി മതി.”
“ഉണ്ണീ…, മുത്തശ്ശന്‍ കൊണ്ടുവന്ന ഈ ഓണക്കോടി…, ഇവടെള്ള എല്ലാ കുട്ടികള്‍ക്കും ഓരോന്നുവീതം കൊട്ത്തിട്ട്…; ഭഗവാനും ഒന്ന് നടയ്ക്കല് വെച്ചിട്ട്….., പിന്നീം ബാക്കി ഉണ്ടെങ്കില് തരാട്ടോ….”
“ഉണ്ണികള് പറയണേന് അപ്പറത്തയ്ക്കില്ല്യാ മുത്തശ്ശന്… ന്നല്ലേ… ഇത്തിരി മുമ്പെ പറഞ്ഞത്?”
“അതെ… അതങ്ങനന്ന്യാ..”
“എന്നാ ഈ കയ്യിലും തരൂ പുടവ. ഉണ്ണ്യാ പറയണ്.”
ഏതോ രസികന്‍മുത്തശ്ശനും മുത്തശ്ശീം വളര്‍ത്തിയ കുട്ടിയാണ് മുമ്പില്‍ നില്‍ക്കുന്നതെന്ന് മല്ലിശ്ശേരിക്ക് തോന്നി.
‘ഒറ്റക്കൈ തന്നില്‍ നീ വെണ്ണവെച്ചീടിനാള്‍
മറ്റേ കൈ കണ്ടിട്ടു കേഴുമല്ലോ….’
എന്ന് ചെറുശ്ശേരി എഴുതിയ; കണ്ണന്റെ ലീലാവിലാസങ്ങളൊക്കെ കാണാതെ പഠിച്ച്, ജീവിതത്തില്‍ പകര്‍ത്തുന്ന ഉണ്ണി!
എന്നാലും മല്ലിശ്ശേരിയ്‌ക്കൊരു ചെറിയ പരിഭ്രമം തോന്നി. ഒന്നുകൂടി ഒരു ഉണ്ണിത്തര്‍ക്കം ആവലാതിയോടെ തലപൊക്കി.
“ഏതെങ്കിലും ഒരു കുട്ടിയ്ക്ക് ഓണക്കോടി തെകയാണ്ടെ വന്നാ, മുത്തശ്ശന് അതൊരു ധര്‍മ്മസങ്കടാവും ഉണ്ണീ… അതോണ്ടാ… എല്ലാവര്‍ക്കും കൊട്ത്തിട്ട് തന്നാ പോരേന്ന് ചോദിച്ചത്…”
“എല്ലാ ഉണ്ണികള്‍ക്കൂള്ളത് മുത്തശ്ശന്‍ ഇല്ലത്ത്ന്ന് വരുമ്പൊ കരുതിയിട്ടുണ്ടല്ലോ… ഒരാള്‍ക്കും തികയാതെ വരില്ല. തരൂ….”
ഇനി മുത്തശ്ശനും തര്‍ക്കമില്ല.
ഗുരുവായൂരപ്പന്റെ, കുസൃതിയും വാത്സല്യവും നിറഞ്ഞ കഥകളുടെ സമാഹാരം ഉടൻ പ്രസിദ്ധീകരിക്കും.