അപ്പോഴേയ്ക്കും… ‘യ്ക്കും…’ എന്നുപറഞ്ഞ് അടുത്ത കുട്ടി എവിടെനിന്നോ ഓടിവന്നു. കറുകറുത്ത ആ കുട്ടനേയും ചേര്‍ത്തുപിടിച്ചുമ്മനല്‍കി, മല്ലിശ്ശേരിമുത്തശ്ശന്‍ ഓണപ്പുടവ നല്‍കി. ഓണക്കോടി കിട്ടിയതും ആ കുറുമ്പന്‍ കറുമ്പന്‍, അദൃശ്യതയിലേയ്ക്ക് ആ പുടവ നീട്ടിക്കാണിച്ച്, ചിരിച്ചുകൊണ്ടോടി, തൂണിനുപുറകിലെ ഒളിച്ചുകളി തുടര്‍ന്നു. മല്ലിശ്ശേരിത്തിരുമേനി ഒന്നുകൂടി നോക്കി.
‘കണ്ണാ…, നീയായിരുന്നോ… അത്!?’
പെട്ടെന്ന് മുത്തശ്ശന്‍തന്നെ സ്വയം തിരുത്തി. ‘ക്ഷമിക്കണം ഉണ്ണീ…, സര്‍വ്വം നീ തന്നെ.’
ചില വൃദ്ധരും ചില അശരണരും; പ്രതീക്ഷ നഷ്ടമായമട്ടില്‍ മുഖമുള്ള ചിലരും മല്ലിശ്ശേരിക്കാരണവരില്‍നിന്നും ഓണക്കോടി വാങ്ങി. മല്ലിശ്ശേരി ഇവരിലെല്ലാം കുചേലനെ കണ്ടു. നാളെ കണ്ണന്‍ കെട്ടിപ്പുണര്‍ന്ന്, തിരക്കിട്ട്, ‘എനിക്കെന്താ കഴിക്കാന്‍ കൊണ്ടുവന്നിരിക്കുന്നതെ’ന്ന്; തിരക്കുകൂട്ടി അവില്‍പ്പൊതിയഴിക്കുന്ന കണ്ണന്റെ ഏറ്റവും അടുത്ത കൂട്ടുകാരനായ കുചേലന്‍! ഈ കുചേലന്‍മാരെല്ലാം; അപ്രതീക്ഷിതമായി, ഗുരുവായൂരമ്പലത്തില്‍നിന്നും തങ്ങള്‍ക്കുനേരെ ഇഷ്ടത്തിന്റെ ഓണപ്പുടവ നീട്ടിയ മല്ലിശ്ശേരിയില്‍ കണ്ണനേയും കണ്ടു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും, പലപല പ്രായക്കാര്‍ക്കുമൊക്കെ പറ്റിയ വസ്ത്രങ്ങള്‍ മല്ലിശ്ശേരിമുത്തശ്ശന്‍ പ്രത്യേകം പ്രത്യേകം കരുതിയിരുന്നു. അങ്ങനെ, കണ്ണന്റെകൂടെ ആഘോഷിച്ച് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികള്‍; ഇടക്കിടെ ഓടിവന്ന്, ഓരോരുത്തരായി ഓണപ്പുടവയും ഉമ്മയും വാങ്ങി തിരികെയോടി, കളി തുടര്‍ന്നു.
ഇടയ്‌ക്കൊരു കുട്ടി വന്ന് മല്ലിശ്ശേരിമുത്തശ്ശന്റെ മുന്നില്‍, രണ്ടുകയ്യും നീട്ടിനിന്നു. രണ്ടുകയ്യും അത്യാവശ്യം അകറ്റിയാണ് നീട്ടിപ്പിടിച്ചിരിക്കുന്നത്. കുട്ടിയുടെ കണ്ണില്‍ കുറുമ്പിന്റെ കടല്‍!
മുത്തശ്ശന്‍ പറഞ്ഞു.
“ഉണ്ണീ…. കൈകള്‍ അടുപ്പിച്ച് പിടിക്കൂ….”
ഇതുകേള്‍ക്കലും ആ കുട്ടി, കൈകള്‍ പറ്റാവുന്നിടത്തോളം അകറ്റിപ്പിടിച്ചു. ചില കുട്ടികള്‍ അങ്ങനെയാണ്. ഇരിക്കാന്‍ പറഞ്ഞാല്‍ ഓടും. നില്‍ക്കാന്‍ പറഞ്ഞാല്‍ കിടക്കും.
‘രണ്ടു കൈകൊണ്ടും വൃത്തിക്ക് വാങ്ങിക്കോട്ടേന്ന് വിചാരിച്ചപ്പൊ; പറ്റില്ലാന്ന് സാരം!’
മുത്തശ്ശന്‍ ചേര്‍ത്തുപിടിക്കാന്‍ നോക്കിയപ്പൊ കുട്ടി, മാറിനിന്നു.
“ഉമ്മയൊന്നും വേണ്ട. പുടവ തന്നാല്‍ മതി.”
മുത്തശ്ശന്‍ അടക്കിവെച്ച, മുത്തശ്ശന്‍കുറുമ്പെല്ലാം അണപൊട്ടി. പൊട്ടിപ്പൊട്ടിച്ചിരിച്ചുകൊണ്ട് മല്ലിശ്ശേരിമുത്തശ്ശന്‍ പറഞ്ഞു.
“ഉണ്ണി, ഉമ്മ വേണ്ടാന്ന് പറഞ്ഞാ മുത്തശ്ശന്‍ ഉമ്മ തര്ല്ല്യാട്ടോ… ഉണ്ണികള് പറയണേന് അപ്പറത്തയ്ക്കില്ല്യാ മുത്തശ്ശന്. ന്നാ….. പിടിച്ചോളൂ…. പുടവ.”
ഗുരുവായൂരപ്പന്റെ, കുസൃതിയും വാത്സല്യവും നിറഞ്ഞ കഥകളുടെ സമാഹാരം ഉടൻ പ്രസിദ്ധീകരിക്കും.