അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
മുത്തശ്ശന്റെ ഓണക്കോടി
December 31, 2020 2430 No Comments

അങ്ങനെ ഉത്രാടമായി. പുലര്‍ച്ചയ്ക്കുതന്നെ വീട്ടിലെ എല്ലാവര്‍ക്കും ഓണക്കോടി കൊടുത്തശേഷം, കുറേ തുണികളുമായി മല്ലിശ്ശേരിമുത്തശ്ശന്‍ ഗുരുവായൂരമ്പലത്തിലെത്തി. അന്ന് അമ്പലത്തില്‍ വന്നിട്ടുള്ള എല്ലാ ഉണ്ണികള്‍ക്കും ഓണക്കോടി കൊടുക്കണം എന്നതാണ് മുത്തശ്ശന്റെ പരിപാടി. വലിയവര്‍ക്കുള്ള വസ്ത്രവും കുറച്ച് കരുതിയിട്ടുണ്ട്. ആരെങ്കിലും കഷ്ടപ്പാടുള്ളവര്‍ വന്ന് ഇങ്ങോട്ടുചോദിച്ചാല്‍ കൊടുക്കാം. അതുകൂടാതെ, ഉണ്ണിക്കണ്ണനും ഒരു ചേല ഓണപ്പുടവയായി കൊടുക്കണം. 

മല്ലിശ്ശേരിമുത്തശ്ശന്‍ അമ്പലത്തില്‍ ഒഴിഞ്ഞൊരു ഭാഗത്തിരുന്നു. 

അമ്പലത്തില്‍, വലിയവരുടെ കണ്ണിന് പിടിതരാതെ, ഉണ്ണികളോടൊത്ത് ഉണ്ണിക്കണ്ണന്‍ കളിക്കുന്നുണ്ട്! കുഞ്ഞുങ്ങളെല്ലാം…. തെളിഞ്ഞുകളിക്കുന്നു! ചിലര്‍ അദൃശ്യതയിലേയ്ക്ക് നോക്കി ചിരിക്കുന്നു. ചിലര്‍ ആരെയോ പിടിക്കാനായി ഓടുന്നു. ചിലര്‍ ഇക്കിളിപ്പെട്ടപോലെ ഓടി, തൂണിനു പിന്നിലൊളിക്കുന്നു.!

മല്ലിശ്ശേരിനമ്പൂതിരി കുറച്ചുനേരം സ്വസ്ഥമായിരുന്ന് ഉണ്ണികളുടെ ഈ കളി കണ്ടു. മനസ്സില്‍ ഇളംചിരിയോടെ ഓര്‍ത്തു.
‘എന്റെ കള്ളക്കണ്ണാ…, ഈ കുട്ടികളുടെയൊക്കെ  ഒപ്പം, കുറുമ്പാ…., നീ കളിക്കുന്നുണ്ടെന്ന് എനിക്കറിയാം. എനിക്ക് കാണാനില്ലെങ്കിലും; എന്റെ ബാല്യം, ഒരു പൂര്‍വ്വജന്മസ്മരണപോലെ എന്റെ ഉള്ളിലുണ്ട്. അവിടെച്ചെന്ന്, ഞാന്‍ സ്വയമൊരു കുട്ടിയായിവന്ന് നിന്നെ നോക്കുമ്പോള്‍, എല്ലാ തൂണിനുപുറകിലും നിന്റെയടയാളങ്ങള്‍! തെളിഞ്ഞുനിന്ന മയില്‍പ്പീലി തൂണിനുപുറകില്‍ മറയുന്നു! എവിടെയോ ഒരോടക്കുഴല്‍ മിന്നിമായുന്നു! പാദസരത്തിന്റെ കിലുക്കം…! കണ്ണാ…, കുസൃതിക്കുട്ടാ… എനിക്ക്, നീ കട്ടുതിന്ന വെണ്ണയുടെ മണംവരെ കിട്ടുന്നുണ്ട്. പക്ഷേ നീയെന്റെ മുന്നില്‍ വരില്ലല്ലോ… ഞാന്‍ മുതിര്‍ന്നുപോയില്ലേ…! ശരീരം മാത്രമേ കണ്ണാ, പ്രായമായിട്ടുള്ളൂ… കളിയും കാര്യവുമൊക്കെ കുട്ടികളോടൊത്താ… അല്ലാത്തപ്പൊ നിന്റെ മുന്നിലും…’

ഇങ്ങനെ ഓരോന്നോര്‍ത്ത് മല്ലിശ്ശേരി ഇരിക്കുമ്പോള്‍, ഒരു ഉണ്ണിക്കുടവയറന്‍; ആരോ കാല്‍വെച്ചു വീഴ്ത്തിയപോലെ ഇടറി വീഴാന്‍പോയി. വേറെ ആരോ പിടിച്ചപോലെ, വീഴ്ചയില്‍നിന്നും ഒഴിവാകുകയും ചെയ്തു.! പെട്ടെന്ന് ആ കുട്ടി, ചിരിച്ചുകൊണ്ട്, ‘എന്നെ വിളിച്ചുവോ?’ എന്ന ഭാവത്തില്‍ മല്ലിശ്ശേരിമുത്തശ്ശനെ നോക്കി. മുത്തശ്ശന്‍ ‘ബാ…..’ എന്ന് കൈകൊണ്ട് ആംഗ്യം കാട്ടി വിളിച്ചു. ‘എന്താ വിളിക്കാത്തത്!?’ എന്ന് വിചാരിച്ചിരിക്കുകയായിരിരുന്നു എന്ന മട്ടില്‍; ആ ഉണ്ണി, മുത്തശ്ശന്റെ നേരെ, ‘അത്തള പിത്തളാ’ന്ന് ഓടിവന്നു. ഉണ്ണിയുടെ ഉണ്ണിയമ്മിഞ്ഞയും ‘പിള്ന്താന്തന്‍’ വയറിലെ പൊക്കിളുമെല്ലാം തുള്ളിത്തുളുമ്പി!

ഓടിയരികലെത്തിയ ആ കുഞ്ഞനുണ്ണിക്ക് മല്ലിശ്ശേരിമുത്തശ്ശന്‍ നല്ലൊരു കസവ് കുട്ടിപ്പുടവ നീട്ടി. രണ്ടുകൈയ്യുംനീട്ടി നടക്കാന്‍പാടുപെട്ട കുഞ്ഞ്, ഇപ്പോള്‍ വീഴുമെന്ന് തോന്നി മുത്തശ്ശന്‍ ചേര്‍ത്തുപിടിച്ചു. നെറ്റിയിലൊരുമ്മ നല്‍കി ഉണ്ണിക്കയ്യില്‍ ഓണപ്പുടവ കൊടുത്തതും; ഉത്രാടരാത്രിക്കു മുന്‍പുതന്നെ മാനത്ത് ചന്ദ്രനെത്തിയപോലെ ആ കുഞ്ഞിക്കണ്ണുകള്‍ തിളങ്ങി. 

ഗുരുവായൂരപ്പന്റെ, കുസൃതിയും വാത്സല്യവും നിറഞ്ഞ കഥകളുടെ സമാഹാരം ഉടൻ പ്രസിദ്ധീകരിക്കും.

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.