അങ്ങനെ, ഇല്ലത്തെ കാര്യങ്ങള്‍ നടത്തലും ഗുരുവായൂരനമ്പലത്തില്‍ നിത്യം കണ്ണനെ ചെന്നുകാണലും പാവങ്ങളെ കയ്യയച്ച് ദാനംകൊണ്ട് മൂടലും കുഞ്ഞുങ്ങളോടൊപ്പം എല്ലാം മറന്നുള്ള കളിയുമായി, മല്ലിശ്ശേരിയിലെ തിരുമേനി, ‘ഞാനും ഭഗവാനും രണ്ടല്ലെ’ന്ന ഭാവത്തില്‍ കഴിയുന്ന കാലം.
ഓണക്കാലമായി. ഇല്ലത്തെ ഓണസദ്യയ്ക്കുള്ള പടവലങ്ങയും മത്തനും കുമ്പളവും പയറും പീച്ചിങ്ങയും ചീരയും വെണ്ടയും വഴുതനങ്ങയും തക്കാളിയും ഒക്കെ, എത്രയാണോ അടുക്കളയിലെത്തിച്ചത്; അതിന്റെ പത്തിരട്ടി ഗുരുവായൂരമ്പലത്തിലുമെത്തിച്ചു. അത്രതന്നെ, പാവങ്ങളായ നാട്ടുകാരുടെ വീട്ടിലുമെത്തിച്ചു.
ഇല്ലത്തെ എല്ലാവര്‍ക്കും ഓണക്കോടിയെടുത്തു. കുട്ടികള്‍ക്കെല്ലാം അവര്‍ക്കിഷ്ടപ്പെട്ട നിറത്തില്‍ത്തന്നെ പുത്തന്‍ തുണികള്‍ വാങ്ങിച്ചുവെച്ചു.
ഇല്ലത്ത് പുലര്‍ച്ചയ്ക്കുതന്നെ, അത്തംമുതല്‍, ഉണ്ണികളോടൊപ്പം പാടത്തും പറമ്പിലും നടന്ന് പൂ പറിച്ചു. ഉണ്ണികള്‍ തീരുമാനിച്ച പൂക്കളത്തില്‍ വലിയൊരുണ്ണിയായി; കുട്ടികള്‍ക്കൊപ്പമിരുന്ന് പൂക്കളമിട്ടു. ഓണപ്പാട്ടുകള്‍ പാടി. പൂവിളിച്ചു.
“മുത്തശ്ശന്‍ പാടിത്തരൂ….” എന്ന് കുട്ടികള്‍ പറഞ്ഞാലെന്തുചെയ്യും! പാടിക്കൊടുക്കാതെ പറ്റ്വോ…! കുട്ടികളോട്, “ഉറക്കെ പാടാന്‍ എനിക്ക് വയ്യാട്ടോ…” ന്ന് പറഞ്ഞാല്‍, അവര്‍ക്ക് വിഷമമായാലോ…! അപ്പൊപ്പിന്നെ പാടിക്കൊടുക്കുകതന്നെ.
“കറ്റക്കറ്റക്കയറിട്ടൂ… കയറാലഞ്ചു മടക്കിട്ടൂ….
നെറ്റിപ്പട്ടം പൊട്ടിട്ടൂ….
നേരെ വാതുക്ക നെയ്യ് വെച്ചു
ചെന്ന് കുലുങ്ങി ചെന്ന് കുലുങ്ങി
പൂവേ പൊലി പൂവേ പൊലി
പൂവേ പൊലി പൂവേ…..”
“മുത്തശ്ശാ…, ഇനി ‘ആലിന്റെ കൊമ്പിലെ’ എന്ന്, ഏതെങ്കിലും ഉണ്ണി കൗതുകപ്പെട്ടാല്‍; അതും പാടിക്കൊടുക്കും.
“അങ്ങേക്കരയിങ്ങേക്കര
കണ്ണാന്തളി മുറ്റത്തൊരു തുമ്പ മുളച്ചു
തുമ്പ കൊണ്ടമ്പതു തോണി മുറിച്ചു
തോണിത്തലയ്ക്കലൊരാലുമുളച്ചൂ….”
കുട്ടികളെല്ലാം ഒപ്പം പാടും. ‘മുളച്ചു’ എന്നതൊന്ന് കനപ്പെടുത്തിപ്പാടും. ‘ച്ചു’ എന്നത് ഒന്ന് അതികഠിനമായും പാടും. എല്ലാ വരിയിലും ഈ ‘ച്ചു’ പോലെ, ഓരോന്നുവീതം ഉണ്ടാവും.!
“ആലിന്റെ പൊത്തിലൊരുണ്ണി പിറന്നൂ…”
എല്ലാവരും ‘പിറന്നു’ ഒന്നുറക്കെയും; ‘ന്നു’ അത്യുച്ചത്തിലും പാടും!
“ഉണ്ണിക്ക് കൊട്ടാനും പാടാനും പറ പറക്കോലും തുടി തുടിക്കോലും
കൂടെപ്പിറന്ന പൂവേ പൊലി പൂവേ പൊലി പൂവേ പൊലി പൂവേ…”
കൂവലും കുരവയിടലും തമ്മിലുള്ള വ്യത്യാസം; കൂവിയും കുരവയിട്ടും മുത്തശ്ശന്‍ കുട്ടികള്‍ക്ക് മനസ്സിലാക്കിക്കൊടുത്തു.
ഗുരുവായൂരപ്പന്റെ, കുസൃതിയും വാത്സല്യവും നിറഞ്ഞ കഥകളുടെ സമാഹാരം ഉടൻ പ്രസിദ്ധീകരിക്കും.