രാത്രി,
നാഴികമണിയില്‍
പന്ത്രണ്ട് അടിച്ചപ്പോള്‍
കുതിരകള്‍ എലികളായും
രഥം മത്തങ്ങയായും
പുതുവസ്ത്രങ്ങള്‍ പഴകിപ്പിഞ്ഞിയതായും…
അങ്ങനെ,
എല്ലാം പഴയപോലായി.
സിന്‍ഡ്രലയുടെ
ഊരി വീണ ഒറ്റച്ചെരിപ്പുമാത്രം
രൂപം മാറാഞ്ഞതെന്തേ…!?
ആദ്യം കഥ പറഞ്ഞ
ചാള്‍സ് പെറാള്‍ട്ടിനും
ക്ലാസ്സില്‍ കഥ പറഞ്ഞ
ബുദ്ധിയേറെയുള്ള
പണിക്കര് മാഷിനും
മണ്ടന്‍ മുത്തപ്പ
ഒറ്റക്കിഴുക്ക്.
ഇതേ മുസ്തഫ
വൈശാലി സിനിമ കഴിഞ്ഞും
കിഴുക്കി
ഒന്ന്.
‘പെണ്ണിന്റെ ചൂടും ചൂരും അറിയാത്തോന്‍
യാഗം നടത്ത്യാലല്ലേന്നും
മഴ പെയ്യ്വാ…
അവറ്റോള് കെട്ടിപ്പിടിച്ച്
കാട്ടിലും മേട്ടിലും പാഞ്ഞും നടന്നിട്ട്
പിന്നെങ്ങന്യാ
യാഗൂം
ഇക്കണ്ട മഴ്യൊക്കെ…!?’
മണ്ടന്‍ മുത്തപ്പടെ
കിഴുക്ക്
ആരും കണ്ടില്ല.
മുത്തപ്പ
മണ്ടനായത് ഭാഗ്യം!
വല്ല അഴീക്കോടെങ്ങാനുമാണ്
ഈ പിടുത്തം
കണ്ടും കൊണ്ടും പിടിച്ചതെങ്കില്‍
നന്നായിപ്പോയേനെ…!!
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.