മഴ രണ്ടുനാള്‍ നേരത്തേ വരുമെന്നുപറഞ്ഞ
കാലാവസ്ഥക്കാര്‍ക്ക് പതിവുപോലെ തെറ്റി.
മഴ,
കുട്ടിനാരായണേട്ടന്‍ പറഞ്ഞ കണക്കിനേ
വന്നുള്ളൂ.
‘വരാന്‍ വൈകിയതെന്തെ’ന്ന
ചോദ്യത്തിന്,
മഴ,
കുഞ്ഞിമാളുവിനെ
തറപ്പിച്ചൊന്നുനോക്കി.
‘വല്ല പട്ടിയും കടിച്ച് പുറത്തിട്ടേനെ
മൂന്നുമാസം പ്രായമായ ആ കൊച്ചിനെ.
കിഴക്കന്‍ മലകളില്‍ പെയ്ത്
പുഴനിറച്ചൊഴുക്കി വിട്ടിട്ടാ
ഞാന്‍
വരുന്നത്’.
കുഞ്ഞിമാളു
മുഖം താഴ്ത്തി.
‘എന്തേ താമസിച്ചത്?’
നേതാവും പുന്നാരിച്ചു;
‘മഴ’യെന്ന് തികച്ചു വിളിക്കാതെ.
‘ചില്ലറക്കറയായിരുന്നോ !!! ?’
പാറ മുഴുവന്‍ കഴുകി വൃത്തിയാക്കാന്‍
രണ്ട് നാളെടുത്തു.
കാടാണെന്നൊന്നും
പോലീസ്‌നായ നോക്കില്ല.
കയറിയെങ്ങാന്‍ മണത്താലുണ്ടല്ലോ……..……
പിന്നെ,
പാര്‍ട്ടിയും കാണില്ല!
പദവിയും കാണില്ല.!!
നേതാവ്,
പതിവുപോലെ
എല്ലാം നിഷേധിച്ചു.
പോട്ടെ…….
കിണര്‍
ഇന്നലേയും ഉറങ്ങിയിട്ടില്ല.
കാത്തുകാത്ത്, *പള്ള്യേലിന് ഇന്നലേം
നെഞ്ച് വിണ്ടുകീറിയത്രേ.
വാങ്ങിയ പുത്തന്‍കുടയൊക്കെ നനയാതെ
കുട്ടികള്‍ കരഞ്ഞുതിരിച്ചെത്തിയത്രേ.
മഴ
ഓടിച്ചെന്ന്,
കുട്ടികളുടെ
കയ്യും
കാലും
മുടിത്തുമ്പും പിടിച്ച്
കളിതുടങ്ങി.
*പള്ള്യേല്‍ – പാടവും പറമ്പുമല്ലാത്ത; ഞാറ്റടി വിരിക്കുന്ന ഭൂമി.
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.