എന്റെയുള്ളിലെ പാണ്ഡവനും
ഭാര്യയ്ക്കുള്ളിലെ പാഞ്ചാലിയും
പുതിയൊരു വീടുവെച്ച്,
അയലോക്കത്തെ കൗരവനെ
അസൂയപ്പെടാന്‍ ക്ഷണിച്ചു.
കുളമെന്ന് തോന്നിച്ച ടൈലും
നിലമെന്ന് തോന്നിച്ച
നീന്തല്‍ക്കുളവും കണ്ട്,
അന്ധാളിച്ച്,
അസൂപ്പെട്ട്,
ഇളിഭ്യനായി,
കൗരവന്‍ മടങ്ങിയപ്പോള്‍,
എന്റെ പാഞ്ചാലി
ഒന്ന് പുച്ഛിച്ചു ചിരിച്ചു.
ആ ചിരിയില്‍,
ഞങ്ങള്‍
അയലോക്കക്കാര്‍ തമ്മില്‍
ഒരു യുദ്ധം ഒപ്പുവെച്ചു!
ഇനി,
വസ്ത്രാക്ഷേപവും
വംശനാശവുമൊക്കെ
പുറകേ,
താനേ വന്നോളും!!