നെഞ്ചുപൊട്ടുന്ന വേദനയിലും, അമ്മയാവാന്‍ വെമ്പിനിന്ന പെണ്‍കാക്ക ഒരിറ്റ് കണ്ണീര് പൊഴിച്ചില്ല. കരച്ചില്‍ നിറച്ചുവെച്ച കനമുള്ള വാക്കുകള്‍, തുളുമ്പാതെ എടുത്തു പ്രയോഗിച്ച്, ആണ്‍കാക്കയോട് പറഞ്ഞൂ. “വരൂ നമ്മള്‍ക്കൊന്ന് തിരഞ്ഞുനോക്കാം..”
ആദ്യംതന്നെ ഇരുവരും മരത്തില്‍ ശത്രുവിന് ഒളിഞ്ഞിരിക്കാന്‍ പാകത്തില്‍ വല്ല പൊത്തുമുണ്ടോ എന്ന് തിരഞ്ഞുനോക്കി. പെട്ടെന്നാണ് ഇവരുടെ കോങ്കണ്‍കാഴ്ചയില്‍ താഴെ മരച്ചുവട്ടില്‍ ഒരു പൊത്തിനരികില്‍ ഏതാനും മുട്ടത്തോടുകള്‍ പെട്ടത്. ഇരുവരും അല്‍പം ദൂരെ വരെ ചെന്ന് മുട്ടത്തോടുകളെ സൂക്ഷ്മമായി നോക്കി.
“അതെ ഇത് ഞാനിട്ട മുട്ടകള്‍തന്നെയാണ്.” കാക്കപ്പെണ്ണ് പറഞ്ഞു.
ദേഷ്യത്തിലും സങ്കടത്തിലും കാക്കപ്പെണ്ണിന്റെ കൊക്കുകള്‍ വിറച്ചു. കണ്ണുകള്‍ കൂര്‍ത്തു. പെട്ടെന്ന് ആ പൊത്തില്‍നിന്നും ഒരു കൃഷ്ണസര്‍പ്പം പുറത്തേയ്ക്ക് വന്ന്, അപ്പോള്‍ തിന്നുതീര്‍ത്ത ഒരു മുട്ടയുടെ തൊണ്ടുകള്‍ മാളത്തിന് പുറത്തേയ്ക്ക് തുപ്പിയിട്ട്, ഒന്ന് ചുറ്റും നോക്കി, ഏമ്പക്കമിട്ട്, പൊത്തിലേയ്ക്കുതന്നെ തിരിച്ചുപോയി.
കാക്കകള്‍ ഒരു നിമിഷം തരിച്ചിരുന്നു. ഈ പാമ്പിനോട് നമ്മളൊന്നും വിചാരിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. പാമ്പ് ഇഴഞ്ഞു പോകുമ്പോളൊക്കെയാണെങ്കില്‍ പറന്നുചെന്ന് ഒന്നു മേടി വിടാം എന്നു മാത്രം. ഇവന്‍തന്നെയാവും കുറേ ദിവസം മുന്‍പ് ആ അണ്ണാന്‍കുട്ടന്റെ കൂട്ടില്‍ക്കയറി കുട്ടികളെ തിന്നത്. കഷ്ടം തോന്നും. അവറ്റടെ സങ്കടം കണ്ടുനിക്കാന്‍ പറ്റില്ലായിരുന്നു. രണ്ടും കല്‍പിച്ച് അവന്റെ കൂട്ടില്‍ക്കയറി ആക്രമിക്കാന്‍ തീരുമാനിച്ചാല്‍ അതും മണ്ടത്തരമാകും. മാളത്തിനുള്ളില്‍ പാമ്പാണ് ശക്തന്‍. മാളത്തിനുള്ളില്‍ കയറിയാല്‍ ഈ നെറികട്ടവന്‍ നമ്മളേയും കൊന്നുതിന്നും. നമ്മള്‍ ജീവിച്ചിരുന്നാലേ ഈ കുടുംബം അന്യംനിന്ന് പോകാതിരിക്കൂ. പണം ഇന്നു വരും നാളെ പോകും എന്ന് പറയുംപോലെയാണ് കഷ്ടകാലവും. അത് നാളെ പോകും. അതുവരെ ബുദ്ധിയുപയോഗിച്ച് കാത്തിരിക്കണം.
പെട്ടെന്ന് ആണ്‍കാക്ക പറഞ്ഞു.
“വാടീ….., കെഴക്കേപാടത്തെ വറ്റാത്ത കൊളത്തിന്റെ തെക്കേചെരിവിലൊരു പൊട്ടക്കുഴില്ലേ…. അതില് നിക്കണ അണ്ണക്കരമരത്തിന്റെ ചോട്ടിലെ പൊത്തില്, എന്റെയൊരു കൂട്ടുകാരന്‍കുറുക്കന്‍ താമസിയ്ക്ക്ണ് ണ്ട്. പകല് പോയാ അവനവടെ ഉണ്ടാവും. വാ… കുറുക്കന്‍ എന്നും കൗശലക്കാരനാണല്ലോ…. ഇതിനെ എങ്ങനെ നേരിടാം എന്ന് നമ്മക്ക് അവനോട് ചോദിക്കാം… ബാ….”
പഞ്ചതന്ത്രത്തിലെ ഈ കഥകൾ പുസ്തകമായൊരുങ്ങുന്നു.