അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
ക്രമം 02 – കാക്കപ്പെണ്ണും കൃഷ്ണസര്‍പ്പവും
December 31, 2020 1452 No Comments

കാക്കപ്പെണ്ണ് നെഞ്ചത്തടിയും നെലോളിയുമായി.
“ആറ്റുനോറ്റ് ഒരു വീടുണ്ടാക്കി; ആറ്റുനോറ്റ് നാല് മുട്ടയിട്ട്, ആറ്റുനോറ്റ് കുഞ്ഞിക്കാല് കാണാന്‍ കാത്തിരുന്നിട്ട് ഇങ്ങനെയായല്ലോ.. ദൈവേ…!” എന്ന് പറഞ്ഞ് കരഞ്ഞ ഭാര്യയെ, കൊക്കുകൊണ്ടും തലകൊണ്ടും ചിറകുകൊണ്ടും കാല്‍കൊണ്ടും തഴുകി ആശ്വസിപ്പിച്ച ആണ്‍കാക്ക പറഞ്ഞു. “നമ്മളെ തോല്‍പ്പിക്കാന്‍ പറ്റില്ലെടീ. എന്റെ പേര് കാക്ക എന്നാണെങ്കില്‍ നീയിനീം മുട്ടയിടും. നമ്മളതിനെ നോക്കിയിരുന്ന് വിരിയിപ്പിക്കും. ‘കാ… കാ….’ ന്ന് കരഞ്ഞ് കുട്ട്യോള് വരിഞ്ഞ്, നമ്മളവരെ ‘അത്തള പിത്തള തവളാച്ചി’ കളിപ്പിച്ച് രസിക്കും. ഞാനാ പറയണ്. ഇല്ല്യെങ്കി, ‘കാക്കാ’ എന്ന എന്റെ പേര് വല്ല പട്ടിക്കുമിട്ടോ….”

ഭര്‍ത്താവ് കാണിച്ച ഈ ആവേശത്തിലും ധൈര്യത്തിലും, കാക്കപ്പെണ്ണ് രണ്ടാമതൊന്നാലോചിച്ചില്ല. ‘ങാ… ഹാ… വാശിയെങ്കി വാശി…’ വീണ്ടും മുട്ടയിട്ടു. വാശിക്ക് നാലെണ്ണംതന്നെ! ഇത്തവണ, ‘കുട്ടികളെ എങ്ങനെ വളര്‍ത്തണം’ എന്ന അദ്ധ്യായവും കടന്ന്, സ്വപ്നത്തിലെ കാക്കക്കുട്ടിപുരാണത്തില്‍, ഉണ്ണിക്കുട്ടികള്‍ക്കിടേണ്ട പേരും; അവരെ കൊഞ്ചിച്ചുവിളിക്കേണ്ട പഞ്ചാരച്ചന്ദനപ്പേരുംവരെ തീരുമാനമാക്കി. 

എന്നാല്‍ ഇത്തവണയും അനുഭവം മറ്റൊന്നായിരുന്നില്ല. ‘മണിത്തക്കാളി തോട്ടിന്‍വക്കത്ത് കായ്ച്ചു നില്‍ക്കുന്നുണ്ട്’ എന്ന് ഭര്‍ത്താവ് വന്നു പറഞ്ഞപ്പോള്‍, ആ ചെടി നില്‍ക്കുന്ന സ്ഥലമൊന്ന് കണ്ടുവെക്കാം എന്നു കരുതി അതുവരെ പോയതാണ്. മണിത്തക്കാളിക്കായ പഴുത്തതാണ് ആദ്യമായി കാക്കക്കുഞ്ഞുങ്ങള്‍ക്ക് കൊടുക്കേണ്ട ഭക്ഷണം. ഇത് തിന്നിട്ടാണ് കാക്കകള്‍ നല്ല കാഴ്ച ശക്തിയുള്ളവരാകുന്നതും ചിരഞ്ജീവികളാവുന്നതും. ഒന്ന് ഓടിപ്പോയി, മണിത്തക്കാളിച്ചെടി നോക്കിവെച്ച്, ‘ചടീ’ ന്ന് തിരിച്ചുവരാം എന്നു കരുതിത്തന്നെയാണ് പോയത്. പക്ഷേ, കണ്ണ് തെറ്റിയപ്പോഴേക്കും ഇത്തവണയും മുട്ടകള്‍ ആരോ കൊണ്ടുപോയിരിക്കുന്നു! ഇത്തവണ കാക്കച്ചി കരഞ്ഞില്ല. സങ്കടമല്ല; പകയാണ് വരുന്നത്. ‘വെറുതെ ഇരുന്ന് മോങ്ങിയിട്ട് കാര്യമില്ല. എന്താണ് മുട്ടകള്‍ക്ക് സംഭവിക്കുന്നതെന്ന് കണ്ടുപിടിക്കണം.’ പെണ്‍കാക്ക ആണ്‍കാക്കയെ നോക്കി. ആണ്‍കാക്കയും അഭിമാനത്തിലേറ്റ മുറിവ് ചിക്കി ഇരിക്കുകയാണ്.
ആണ്‍കാക്ക പറഞ്ഞു.
“നമ്മള്‍ക്ക് വേണമെങ്കില്‍ കുറച്ചുകൂടി സുരക്ഷിതമായ ഇടത്തേയ്ക്ക് കൂട് മാറ്റിപ്പണിയാം. പക്ഷേ, അതല്ലല്ലോ… എന്താണ് സംഭവിക്കുന്നതെന്ന് കണ്ടുപിടിക്കണം. ലോകത്തിന്നുവരെ ഒരു പക്ഷിയുടെ മുട്ടയും തനിയേ അപ്രത്യക്ഷമായതോ ആവിയായിപ്പോയതോ കേട്ടിട്ടില്ല. ഇതാരോ എടുക്കുന്നതാണ്. നമ്മള്‍ മണിത്തക്കാളിച്ചെടി നോക്കാന്‍ പോയപ്പോഴും എന്റെ കാകദൃഷ്ടി നമ്മുടെ കൂട്ടില്‍ത്തന്നെയായിരുന്നു. ഏതെങ്കിലും പക്ഷി മുട്ട കൊത്തിക്കുടിക്കാന്‍ വരുന്നുണ്ടോ എന്ന് ഞാന്‍ നോക്കിയിരുന്നു. ആകാശത്തൊന്നും ആ സമയത്തൊന്നും ഒരു പക്ഷിയുമുണ്ടായിരുന്നില്ല. നീ കൂട്ടില്‍നിന്നും ഇറങ്ങാന്‍നേരവും ഞാന്‍, മരം മൊത്തം നോക്കിയിരുന്നു. എറളാടിയോ പരുന്തോ ഒന്നും മരത്തിലുമുണ്ടായിരുന്നില്ല. അതായത്, ശത്രു ആകാശത്തിലോ മരത്തിലോ അല്ല. നമ്മളാണെങ്കില്‍ മരം മാത്രമേ ശ്രദ്ധിച്ചുള്ളൂ. അതാണ് നമ്മള്‍ രണ്ടാമതും പെട്ടുപോയത്.”

പഞ്ചതന്ത്രത്തിലെ ഈ കഥകൾ പുസ്തകമായൊരുങ്ങുന്നു.

Leave a Comment

Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.