ഒരിടത്ത് ഒരു പേരാലുണ്ടായിരുന്നു. പടര്‍ന്നുപടര്‍ന്ന്, നിറയെ വേടിറങ്ങി, ഒരു പ്രദേശം മുഴുവന്‍ ഈ പേരാലാണ്. ഈ പേരാലില്‍ ഒരു കാക്കയും കാക്കയുടെ ഭാര്യയും കൂടുകൂട്ടി താമസിച്ചിരുന്നു.
കുറച്ചപ്പുറത്ത് ഒരു അരയാലുണ്ട്. അതില്‍ ഈ കാക്കകള്‍ കൂടുവെയ്ക്കാത്തതിന് ഒരു കാരണമുണ്ട്. ചെറിയൊരു കാറ്റടിച്ചാല്‍പോലും അരയാലിന്റെ ഇലകള്‍ ഞെട്ടിവിറച്ച് ഉറഞ്ഞുതുള്ളും. മുട്ടവിരിഞ്ഞ് കണ്ണുമിഴിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ഈ ശബ്ദംകേട്ട് പേടിക്കാനേ ഒഴിവുണ്ടാകൂ. അങ്ങനെയാണ് അരയാല്‍ വേണ്ടെന്നുവെച്ച് ഇവര്‍ പേരാലില്‍ കൂട്ടുണ്ടാക്കുന്നത്. ചുള്ളിക്കമ്പുകളും ഇല്ലിക്കമ്പുകളുംകൊണ്ട്, മൂന്നുനാല് കൊമ്പുകള്‍ കൂടിച്ചേരുന്ന സ്ഥലത്ത് കാക്കകള്‍ ഭദ്രമായി കൂടൊരുക്കി. പഞ്ഞിയും തൂവലുമെല്ലാം കൂട്ടില്‍ വിരിച്ചു. വിരിഞ്ഞുവരുന്ന കുട്ടികള്‍ക്ക് കളിക്കാനായി മച്ചിങ്ങയും മഞ്ചാടിയും കുന്നിക്കുരുവുംവരെ ആണ്‍കാക്കയും പെണ്‍കാക്കയും കൂട്ടില്‍ കരുതിവെച്ചു. അങ്ങനെ പെണ്‍കാക്ക മുട്ടയിട്ടു. ഒന്ന്, രണ്ട്, മൂന്ന്, നാല്. നാലാമത്തെ മുട്ടയുമിട്ടുകഴിഞ്ഞപ്പോള്‍ ആണ്‍കാക്ക ചോദിച്ചു. “ഇനി മുട്ടയിടുന്നുണ്ടോ?”
“എന്തേ?”
“അല്ലാ… ഇനി മുട്ടയിടാന്‍ തോന്നുന്നുണ്ടോന്ന്……”
“ഇല്ല. ഇനി ഇവര് വിരിയട്ടെ….”
“അപ്പൊ നാല് ല്ലേ…?”
“എന്ത്?”
“മുട്ടകള്…”
“അതെന്തിനാ കണക്ക് എട്ക്കണ്?”
“ആ കുയില് വന്ന്, ചെലപ്പൊ ഇതിന്റെടേല് മുട്ട തള്ളിവെച്ച് പോകുന്നുണ്ടോന്നറിയാന്‍, ഒരു കണക്ക് വെച്ചൂന്ന് മാത്രം. നാല് മുട്ട നമ്മടെ.”
ഇങ്ങനെ ഒരുപാട് സ്വപ്നം കണ്ടും കണക്കുകൂട്ടിയും ഇട്ടുവെച്ച മുട്ടകള്‍, ഒരു ദിവസം തീറ്റതേടിത്തിരിച്ചുവന്നപ്പോള്‍ കൂട്ടില്‍ കാണാനില്ല! അടയിരുന്ന ചൂട് തണുക്കുംമുന്‍പ് കൂട്ടില്‍ തിരിച്ചെത്തണം എന്ന വെപ്രാളത്തില്‍, മര്യാദയ്ക്ക് ഒന്നും കഴിയ്ക്കാന്‍പോലും പറ്റിയിരുന്നില്ല. തെങ്ങിന്‍ചോട്ടിലെ പാത്രം കഴുകിയ വെള്ളം കെട്ടിക്കിടക്കുന്നതുകണ്ടപ്പോള്‍ കുളിക്കാന്‍ കൊത്യായതായിരുന്നു! ‘തന്റെ ശരീരം തണുത്താല്‍, തിരിച്ച് കൂട്ടില്‍ചെന്ന് അടയിരിക്കാന്‍നേരം മുട്ടകള്‍ക്കുള്ളിലെ ചിട്ങ്ങന്‍മാര്‍ക്ക് തണുക്കില്ലേ….!’ എന്ന ബേജാറിലാണ്, കുളിവരെ വേണ്ടാന്ന് വെച്ചത്.
പഞ്ചതന്ത്രത്തിലെ ഈ കഥകൾ പുസ്തകമായൊരുങ്ങുന്നു.