ക്രിക്കറ്റ് കളിയ്ക്കാനെടുത്ത,
ആ ടെന്നീസ് പന്ത് പകര്‍ന്ന അറിവുകളൊന്നും
ഒരു മാഷും ടീച്ചറും ഇതുവരെ തന്നിട്ടില്ല.
തെങ്ങിന്റെ മടക്കന വീശിയടിയ്ക്കുമ്പോള്‍
അവനൊരു പോക്കാണ്.
‘വാടാ മക്കളേ…..’ന്നും പറഞ്ഞ്.
കീരിയും കുട്ടികളും ഉച്ചയുറങ്ങുന്ന
പൊന്തയിലേയ്ക്കാവാം.
പാമ്പ് നിധി കാക്കുന്ന പുറ്റിലേയ്ക്കാവാം.
നീലക്കൊടുവേലി തിരയുന്ന
ഉപ്പന്റെ കൂട്ടിനടുത്തേയ്ക്കാവാം.
കഴിച്ച പൊറോട്ടകളൊക്കെ രൂപം മാറിയ
കുളക്കരയിലേയ്ക്കാവാം.
ഡ്യൂട്ടിയ്ക്കിടയില്‍ ആനന്ദമടക്കാനെത്തിയ
പോലീസുകാരന്റെ,
അടയ്ക്കാന്‍ കുറ്റിയില്ലാത്ത
ജനലിനരികിലേയ്ക്കാവാം.
അവന്‍ കാട്ടിത്തന്ന വഴികളും
അവന്‍ നടത്തിയ അറിവുകളും
ചെറുതല്ല.
ഒരു മാഷക്കും ടീച്ചര്‍ക്കും
തരാനായിട്ടില്ലിതുവരെ,
ഒരു ക്രിക്കറ്റ് പന്ത് പകര്‍ന്ന അറിവുകള്‍!