“മൂന്നു കണ്ണും മിഴിച്ച, ആ തല താ… ഞാനും ഒന്ന് കൊന്നുനോക്കട്ടെ…” ബാലന്‍ ആര്‍ക്കുകയാണ്.
പണി പാളിയ മട്ടുണ്ട്. കുട്ടികളാണെങ്കില്‍ വാശിപിടിച്ചാല്‍ പിടിച്ചപോലെയാണ്. കാര്യം നടക്കാതെ അടങ്ങില്ല. നടത്തിക്കൊടുത്തില്ലെങ്കില്‍ ആനവായില്‍ കിടന്നു കീറാനും തുടങ്ങും.
പക്ഷേ, എങ്ങനെ നടത്തും ഈ ആഗ്രഹം!?
സ്വന്തം തലയാണ് ചോദിക്കുന്നത് നിലത്ത് എറിഞ്ഞുകളിക്കാന്‍!
പെട്ടെന്നാരോ പുറകില്‍ നിന്നും ശിവഭഗവാനെ തോണ്ടി.
ശിവന്‍ തിരിഞ്ഞുനോക്കി.
“ഇതു കൊടുത്ത് പറ്റിയ്ക്ക്. ഇപ്പൊ ഉണ്ടായ കുട്ടിയല്ലേ! ലോകപരിചയം കുറവായിരിക്കും.”
ശിവന്‍ നോക്കുമ്പോള്‍, മൂന്ന് കണ്ണൊക്കെയുണ്ട്. പക്ഷേ, ഒരു തേങ്ങയാണ്.
നോക്കിനോക്കാമെന്നു മാത്രം.
ശിവന്‍ അത് വാങ്ങി, ഗജമുഖന് കൊടുത്തു.
“ഇന്നാ മോനേ, മൂന്ന് കണ്ണുള്ള എന്റെ തല!”
കുട്ടി സര്‍വ്വദേഷ്യവും തീര്‍ക്കാന്‍, ആ തേങ്ങ വാങ്ങി, ആഞ്ഞോങ്ങി കുളപ്പടവില്‍ ഒറ്റ ഏറ്!
തേങ്ങ ചിതറിപ്പോയി!
കുട്ടികളുടെ കാര്യമല്ലേ.
തന്റെ നല്ല തലയരിഞ്ഞ ശിവന്റെ തലയാണെന്നു കരുതി എറിഞ്ഞ തേങ്ങ പൊട്ടിച്ചിതറി തെറിക്കുന്നതു കണ്ട് അവന്‍ തലതല്ലിച്ചിരിക്കാന്‍ തുടങ്ങി. ഇടയ്ക്ക്, ശിവനെ തോണ്ടിവിളിച്ചും കാണിച്ചുകൊടുത്തു.
“അയ്യോ! മാമന്റെ തലപോയ പോക്കുകണ്ടോ!!!”
കാര്യങ്ങള്‍ക്കൊരു സമാധാനമായ പാര്‍വ്വതി, ചിരിച്ചുകൊണ്ട് മോനെ തിരുത്തി.
“മാമനല്ല മോനേ…, അച്ഛന്‍.”
അച്ഛന്‍ അവനെ വാരിയെടുത്ത് ഉമ്മവെച്ച് പേരുമിട്ടു. “ഗണപതി”.
അങ്ങനെ, തന്റെ ആ നിഷ്‌ക്കളങ്കകാലത്ത്, തന്നെ ആദ്യമായി പൊട്ടിച്ചിരിപ്പിച്ച ഈ തേങ്ങയുടയ്ക്കല്‍ ഇപ്പോഴും ഗണപതി നിര്‍ത്താതെ തുടര്‍ന്നുപോന്നതാണത്രേ ഗണപതിക്ക് തേങ്ങയുടയ്ക്കല്‍.