ഉടനെ, കാര്യങ്ങള്‍ക്കൊരു തീരുമാനമായി. ദേവന്മാര്‍ ഏവരും നാലുപാടും പാഞ്ഞു. ആദ്യം കണ്ട ജീവിയായ ആനയുടെ തല വെട്ടിയെടുത്ത് കുട്ടിയുടെ കഴുത്തില്‍ വെച്ചു.
ബ്രഹ്മാവ് വന്നിട്ടുണ്ട്.
ഇത്തരം നീക്കുപോക്കുകള്‍ സാധാരണഗതിയില്‍ സൃഷ്ടികര്‍മ്മത്തില്‍ ബ്രഹ്മാവ് നടത്താത്തതാണ്.
പക്ഷേ സന്ദര്‍ഭം വളരെ മോശം!
നിയമം പറഞ്ഞുനിന്നാല്‍ ചിലപ്പോള്‍ ഈ ശിവ-പാര്‍വ്വതീയുദ്ധം കാരണം, ലോകംതന്നെ നശിക്കും. ഇങ്ങനെയൊരു സൃഷ്ടി നടത്തില്ലെന്നു പറഞ്ഞാല്‍, ഇതെന്നല്ല പിന്നെ ഒരു സൃഷ്ടിയും നടത്തേണ്ടി വരില്ല!
അതുകൊണ്ട് ബ്രഹ്മാവ്, പുതിയൊരുതരം സൃഷ്ടികര്‍മ്മത്തിലൂടെ ഗജമുഖനാക്കി കുട്ടിക്ക് ജീവന്‍ വെപ്പിച്ചു.
അപ്പോഴാണ് അടുത്ത പുലിവാല്!
കുളത്തിലെ വെള്ളത്തില്‍ തന്റെ മുഖം കണ്ട; ഇപ്പോള്‍ ജീവന്‍വെച്ച ഗജമുഖന്‍, ശിവനോട് പൊട്ടിത്തെറിച്ചുകൊണ്ട് ചോദിച്ചു.
“എന്റെ യഥാര്‍ത്ഥ തലയെവിടെ!?”
ശിവനൊന്ന് പരുങ്ങി.
“അതിനേക്കാള്‍ കിടിലന്‍ തലയല്ലേ മോനേ ഇത്! ആ തലയില്‍ ചെറിയ മൂക്കായിരുന്നു! ഇതിപ്പൊ നെടുനീളന്‍ മൂക്ക് കിട്ടിയില്ലേ!? പഴയ ആ പാട്ടമുഖത്തിന് കൊമ്പുണ്ടായിരുന്നില്ലല്ലോ!? ഇപ്പൊ നോക്ക്…., ആനക്കൊമ്പുപോലെ രണ്ട് ‘ചൂപ്പര്‍’ കൊമ്പുകള്‍! ചെവിയാണെങ്കില്‍ പറയുകയേ വേണ്ട!!!”
ആര് കേള്‍ക്കാന്‍!
ചെക്കന് ദേഷ്യം വന്ന് നിക്കുകയാണ്.
“എനിക്കെന്റെ പഴയ തല തരുന്നുണ്ടോ!?”
ശിവന്‍ മയത്തിലൊന്ന് പറഞ്ഞുനോക്കി.
“അത് പോയി മോനേ. അറിയാതെ കൈ വീശിയപ്പൊ…. അറിയാതെ കഴുത്ത് മുറിഞ്ഞപ്പൊ… അറിയാതെ തല നിലത്തു വീണുപോയി…!”
ഉടന്‍ വന്നു ദേഷ്യക്കാരന്‍ കുഞ്ഞിന്റെ മറുപടി.
“എന്നാല്‍ എനിക്കും താ ഇയാള്‍ടെ തല. ഞാനും അറിയാതെ ആ തല താഴെ ഇടട്ടേ”.
ശിവന്റെ രണ്ടുകണ്ണും കൂടാതെ, ഞെട്ടലില്‍ തൃക്കണ്ണും ഉണ്ടക്കണ്ണായി മിഴിച്ച് പുറത്തുചാടി.