ദേഷ്യം പിടിച്ച് നില്‍ക്കുന്ന പാര്‍വ്വതിയോട് സംസാരിച്ച്, കൈലാസകുടുമ്മത്ത് സമാധാനമുണ്ടാക്കാന്‍ ഭൂതഗണങ്ങള്‍ വന്നു…
നന്ദി വന്നു….
പിന്നെ സുബ്രഹ്മണ്യനും വന്നു.
ശിവന്‍ വന്നു.
‘പാര്‍വ്വതിയുടെ മകന്‍’ എന്ന് അവകാശപ്പെടുന്ന ബാലന്‍ ആരേയും അടുപ്പിക്കുന്നില്ല.
എത്രയെന്നുവെച്ചാ ഒരു വികൃതിപ്പയ്യനെ സഹിക്കുക!
‘എന്റെ ഭാര്യയെ കാണാന്‍ എനിക്കങ്ങനെ ഒരുത്തന്റേയും സമ്മതം ആവശ്യമില്ല’ എന്നു പറഞ്ഞ് ശിവനും, ശിവപക്ഷവും ഈ കുട്ടിയും തമ്മില്‍ ഗംഭീരയുദ്ധമായി.
ചന്ദനം കുഴച്ചുണ്ടാക്കിയതാണെങ്കിലും കുട്ടിക്ക് നല്ല ഉള്‍ക്കരുത്തായിരുന്നു.
വാശികേറി വാശികേറി, യുദ്ധത്തിനൊടുവില്‍ പാര്‍വ്വതിയുടെ കുട്ടിയുടെ കഴുത്തരിയപ്പെട്ടു.
പിന്നെ പറയണോ!
പാര്‍വ്വതി ഉറഞ്ഞുതുള്ളി നേരിട്ട് യുദ്ധത്തിനെത്തി.
ദേവലോകം ഭയന്നു.
യുദ്ധത്തില്‍ പാര്‍വ്വതിയെ ജയിക്കാന്‍ ആരു വിചാരിച്ചാലും പറ്റില്ല.
അഥവാ മഹാവിഷ്ണുവന്റെ എന്തെങ്കിലും തരികിട പരിപാടിയില്‍ തത്ക്കാലത്തേക്ക് ജയിച്ചാലും; മഹാദേവന് തിരിച്ച്, കുടുമ്മത്ത് കേറാന്‍ പറ്റില്ല.
അപ്പൊപ്പിന്നെ സന്ധി, സമാധാനം.
‘മകനെ ജീവിപ്പിച്ചിട്ടുമതി സന്ധിസംഭാഷണമൊക്കെ. അവന്‍ നിങ്ങടെകൂടി മകനായിരുന്നെങ്കില്‍ നിങ്ങളീ കടുംകൈ ചെയ്യുമായിരുന്നോ…!?’ എന്നൊക്കെ ചോദിച്ച്, പാര്‍വ്വതി, ചേല എളിയില്‍ കുത്തി, മുടിയഴിച്ചിട്ട് അലറിത്തുള്ളുകയാണ്.