ശിവന്, മകന്റെ സമ്മതമൊന്നും ചോദിക്കാന്‍ നിന്നില്ല. നേരെ കുളപ്പടവിലേക്ക് ചെന്നു.
മിണ്ടാതെയും പറയാതെയുമുള്ള ഭര്‍ത്താവിന്റെ ഈ വരവ് പാര്‍വ്വതിക്ക് അത്ര പിടിച്ചില്ല.
‘വാതില്‍ തുറക്കുമ്പോള്‍ മണിയടിച്ചിട്ടുവേണം തുറക്കാന്‍ എന്ന്, ഭക്തരോടൊക്കെ വലിയവായില്‍ പറയുന്ന നമ്മള്‍തന്നെ ഇങ്ങനെ കാണിക്കാമോ!
ഒന്ന് മുരടനക്കുക…. അല്ലെങ്കില്‍, “പാറൂ….”, എന്നൊന്ന് വിളിക്കുക. ഇത്, ശബ്ദമുണ്ടാക്കാതെ വരുമ്പൊ, അഥവാ ഞാനല്ല; ആ ഗംഗയാണ് കുളിക്കുന്നതെങ്കിലോ!!!’
പാര്‍വ്വതിക്ക് ആലോചിക്കുംതോറും ദേഷ്യം കൂടിക്കൂടിവന്നു.
ഞങ്ങള്‍ രണ്ടുപേരുടേയുംകൂടി മകനായതുകൊണ്ടല്ലേ സുബ്രഹ്മണ്യനെ വിലവെയ്ക്കാതെ ശിവന്‍ ഇങ്ങനെ സ്വാതന്ത്ര്യമെടുത്ത് കടന്നുവന്നത്…! എന്നാല്‍ പിന്നെ, ഞാന്‍ പറയുന്നത് അക്ഷരംപ്രതി അനുസരിക്കുന്ന ഒരു മകന്‍ എനിക്ക് മാത്രമായി വേണം!
പാര്‍വ്വതിയുടെ ദുര്‍മുഖം കണ്ടതും ശിവന് കാര്യം പിടികിട്ടി. ‘തന്റെ ഈ കടന്നുവരവത്ര പന്തിയായിട്ടില്ല’.
അദ്ദേഹം, കാലൊന്ന് പടവില്‍ ഉരച്ചുകഴുകി, ഞാന്‍ ഇതിനുമാത്രം വന്നതാണെന്ന് അഭിനയിച്ച്, പതുക്കെ കയറിപ്പോയി.
പാര്‍വ്വതി ഒന്ന് തീരുമാനിച്ചാല്‍ തീരുമാനിച്ചതാണ്. സ്വന്തമായി മകന്‍ വേണം.
കുളിക്കാന്‍ വരുമ്പോള്‍ കരുതിയ ചന്ദനവും മഞ്ഞളും ഉരുട്ടി, ഒരു ആണ്‍കുട്ടിയുടെ രൂപമുണ്ടാക്കി, പാര്‍വ്വതി, കയ്യോടെ അവന് ജീവന്‍ കൊടുത്ത് പുറത്ത് കാവല്‍ നിര്‍ത്തി.
സുബ്രഹ്മണ്യന്‍, അമ്മ നല്ല കലിപ്പിലാണെന്ന് തിരിച്ചറിഞ്ഞ് നേരെ അച്ഛനോട് പോയി പറഞ്ഞു.