ഗണപതിക്ക് തേങ്ങയുടച്ചാല്‍ എല്ലാ വിഘ്‌നങ്ങളും മാറും എന്നല്ലേ വിശ്വാസം. ഗണപതിക്ക് മുന്നില്‍ തേങ്ങ ഉടയ്ക്കല്‍ ഒരു പ്രധാന വഴിപാടായി മാറിയതിനു പിന്നില്‍ രസകരമായൊരു കഥയുണ്ട്.
കൈലാസത്തില്‍, സുബ്രഹ്മണ്യന് കഴിക്കാനുള്ള പഞ്ചാമൃതമൊക്കെ ഉണ്ടാക്കിക്കൊടുത്തശേഷം പാര്‍വ്വതി കുളിക്കാന്‍ കുളക്കടവിലേക്ക് പോയി.
‘ഭര്‍ത്താവ് ലോകകാര്യം നോക്കാന്‍ പുറത്താണ്. എപ്പോള്‍ വരുമോ ആവോ!’
കുളക്കടവില്‍ ആരെയെങ്കിലും കാവല്‍ നിര്‍ത്തണം. ശിവന്റെ കാര്യം പോട്ടെ. മൂപ്പര് പെട്ടെന്നൊന്നും കയറിവരാന്‍ സാദ്ധ്യതയില്ല. പക്ഷേ മൂപ്പര്‍ക്ക് ആയിരക്കണക്കിന് ഭൂതഗണങ്ങളാണ് ചുറ്റും. എന്തെങ്കിലും കാര്യത്തിന് ഏതു നേരവും നാലുപുറവും പാഞ്ഞു നടക്കുന്നുണ്ടാവും. ഭൂമിയിലെ ഭക്തര്‍ നന്ദികേശന്റെ ചെവിയില്‍ ആവശ്യങ്ങളെല്ലാം സ്വകാര്യം പറയും. നന്ദി, അത് ഭൂതഗണങ്ങളോട് പറയും. അവരത് ഉടനെയങ്ങ് നടത്തിക്കൊടുക്കും. ഇങ്ങനെയാണ് രീതി. നമ്മളേക്കൊണ്ട് പറ്റാത്ത കാര്യങ്ങള്‍ വന്നാല്‍ മതിയല്ലോ ശിവഭഗവാനെ ബുദ്ധിമുട്ടിക്കുക എന്ന ഒരു നയമാണ് നന്ദികേശനും ഭൂതഗണങ്ങള്‍ക്കും. അതുകൊണ്ടാണ് കുളിക്ക് ഒരു കാവല്‍ വേണമെന്ന് തോന്നിയത്. ഈ ഭൂതഗണങ്ങള്‍ ആരെങ്കിലും രണ്ട് പാത്രം വെള്ളം കോരാന്‍ വന്നാലും മതി… സ്വസ്ഥത പോകും. മനസ്സമാധാനത്തോടെ കുളിക്കാന്‍ കാവല്‍ നിര്‍ത്തുന്നതുതന്നെയാണ് നല്ലത്.
അങ്ങനെ, പാര്‍വ്വതി, മോനോട് പറഞ്ഞു.
“സുബ്രാ, ബാക്കി പഞ്ചാമൃതം വന്നിട്ട് കഴിക്കാം. അമ്മ കുളിക്കാന്‍ പോണൂ. നീയാ കുളപ്പുരവാതിലില്‍ ഒന്ന് നിക്ക്. ഭൂതമ്മാമമാര് ആര് വന്നാലും കടത്തിവിടണ്ട. ആ വേലും എട്‌ത്തോ.”
അങ്ങനെ സുബ്രഹ്മണ്യന്‍, അമ്മയുടെ കുളിക്ക് കാവല്‍ നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി അച്ഛന്റെ വരവ്.
“അമ്മയോ?”
“കുളിക്ക്യാ.”
“ഈ നേരത്തോ!?”
“ബ്രാഹ്മമുഹൂര്‍ത്തത്തില് ഒര് കുളി കഴിഞ്ഞതാ. അടുക്കളപ്പണി കഴിഞ്ഞപ്പഴയ്ക്കും ആകെ വെശര്‍ത്ത് കുളിച്ചൂ…ന്ന് പറഞ്ഞിട്ടാ അമ്മ കൊളത്തില്‌യ്ക്ക് പോയത്.”