കല്ല്യാണിച്ചതും അച്ഛന്റെ വാല്‍പ്പേര് വെട്ടി.
കെട്ട്യോന്റെ പേരായി പിന്നത്തെ വാല്‍.
ഫെമിനിസ്റ്റാണ്….
ആണ്‍കളെ കണ്‍പാര്‍ക്കുന്നതേ ദേഷ്യം.
മോനും അച്ഛനും ഭര്‍ത്താവുമൊഴികെ
ഏവരും കോന്തന്മാര്‍, ഇഡിയറ്റ്‌സ്,
ഷോവനിസ്റ്റ് പിഗ്‌സ്….
കണവന്‍ മദ്യപിച്ചുവന്ന് തല്ലുന്നത്
സ്‌നേഹം കൊണ്ടെന്ന്.
പണ്ട്, അച്ഛന്‍ പുളിവാറല്‍ എടുത്തത്
വാത്സല്യം കൊണ്ടെന്ന്.
ഇപ്പോള്‍, മകന്‍ തിരിഞ്ഞുനോക്കാത്തത്
തിരക്ക് കൊണ്ടെന്ന്.
ഇങ്ങനെയൊരു ഭര്‍ത്താവുമുണ്ടത്രേ.
ലോകത്തിലെ എല്ലാ പെണ്ണും പിശകെന്ന്.
അമ്മയും മോളും
ഒരു പരിധി വരെ പെങ്ങളും
മാത്രം ഡീസന്റെന്ന്.
എന്നെ മാത്രം സ്‌നേഹിയ്ക്കാനും
എനിയ്ക്ക് വെച്ചുവിളമ്പാനും
ഞാന്‍ കാശുവാങ്ങിക്കെട്ടിയതാണെന്റെ
ഭാര്യയെന്നും
‘ശയനേഷു…’ എന്നുവരെ പണ്ട്
വിവരമുള്ളവര്‍ പറഞ്ഞത്
വെറുതെയല്ലെന്നും വാദം.
ഇതുകള്‍ രണ്ട് ചേര്‍ന്നതാകുമോ
അര്‍ദ്ധനാരീശ്വര സങ്കല്പം?
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.