സഹായിയ്ക്കണമാരെങ്കിലും.
ഉദവിചെയ്യണമീപ്പേടി മാറ്റാന്‍.
ആരോഗ്യമാസികകള്‍ നിത്യഭക്ഷണമാകയാല്‍
എല്ലാ രോഗവുമെനിയ്ക്കുണ്ടെന്ന തോന്നല്‍
എന്നൊരു രോഗമുണ്ടെനിയ്ക്ക്.
ആസ്പിരിന്‍, ഹൃദയത്തെ
നിറുത്തം ചെയ്യിയ്ക്കുമെന്ന പേടിയില്‍
നൃത്തംവെയ്ക്കുന്ന പനിയിലും
പാരസിറ്റമോളെ വിഴുങ്ങാന്‍ ഭയന്നു ഞാന്‍.
കൂറയെന്ന,
ആ വൃത്തികെട്ട പാറ്റയിലെ
എന്തോ, ചേര്‍ക്കുന്നുണ്ടെന്ന
ഒരു മന:ചൊറിച്ചിലില്‍
ഹോമിയോ കഴിയ്ക്കാനേറെ വിയര്‍ത്തു ഞാന്‍.
ആയുര്‍വേദത്തിലെ ശാസ്ത്രീയത
ബോദ്ധ്യമാകാത്തതിനാല്‍
‘കണ്ണിക്കണ്ട വേരും പടലും’ തിന്നാന്‍
ഭയമതിലേറെയായിരുന്നു.
ഇപ്പോള്‍ പ്രകൃതിചികിത്സയിലാണ്
ഈ ഭയാനുഭാവന്‍.
ഒരിക്കല്‍ തിന്നാല്‍,
ആറ് മണിക്കൂര്‍ കഴിയാതെ
ഉമിനീരുപോലുമിറക്കാനും
തിന്നത് തൊണ്ടയില്‍ കുടുങ്ങി കണ്ണുതുറിച്ചാലും
ഭക്ഷണത്തോടൊപ്പം വെളളം കുടിക്കാനും വരെ
ഭയന്നാണിപ്പോ ഈ ചകിതന്‍.
വഴിയെന്തേലുമുണ്ടോ
ഈ ചകിതനെ ഭയരഹിതനാക്കാന്‍?
ഇത്തരം കവിതകൾ, 'ഞാൻ ഫാൻസ് അസോസിയേഷൻ' എന്ന പുസ്തകമായി ലഭ്യമാണ്.