“വീട്ടിലെത്തിയതും; പണിസഞ്ചി വാങ്ങാന്‍വന്ന ഭാര്യയോട് വേലായ്തനാശാരി പറഞ്ഞു.
“അയ്യത്തടണ്ടാക്കിത്താ വേഗം”
“അയ്യത്തട്യോ!?”
“ങാ… അയ്യത്തട.”
“അതെന്താ സാധനം?”
വേലായ്തനാശാരിക്ക് പാടത്ത് വീണേന്റെ ദേഷ്യം ഇതുവരെ പുറത്തെടുക്കാന്‍ പറ്റിയിട്ടില്ല. പതിയെ പെരുവിരലില്‍നിന്നും ദേഷ്യം കേറിത്തുടങ്ങി.
“എടീ…. അയ്യത്തട….!”
ഭാര്യ വള്ളി ഇതിന് വേറൊരു മറുപടിയാണ് പറഞ്ഞത്.
“എവട്യൊക്ക്യോ…. വീണുരുണ്ടിട്ടാണല്ലോ വരവ്…! ഇന്നെത്ര കുടിച്ചു…!?”
വേലായ്തനാശാരിക്ക് ദേഷ്യം കൂടി.
“എടീ… നീയ് ഞാന്‍ പറഞ്ഞ പലഹാരണ്ടാക്കിത്തന്നോ. അതാ നണക്ക് നല്ലത്….!”
“എന്ത് പലഹാരം!?”
വള്ളിക്കും ദേഷ്യം വന്നുതുടങ്ങി.
“ഞാന്‍ ഇപ്പൊ പറഞ്ഞില്ല്യേ…? അത്”
“എന്ത്…? അയ്യത്തട്യോ…?”
“ങാ… അയ്യത്തടന്നെ.”
“എനിക്കൊന്ന്വറിയില്ല അങ്ങന്യൊര് പലഹാരം. നാട്ടിലെവടേംല്ല്യാത്തൊര് പലഹാരൂം കൊണ്ട് വന്നിരിക്ക്ണൂ.. മൂക്കറ്റം കുടിച്ചിട്ട്…”
ഈ വര്‍ത്തമാനം വള്ളി മിക്കദിവസങ്ങളിലും പറയാറുള്ളതാണ്. അപ്പഴൊക്കെ വേലായ്തനാശാരി ചിരിച്ചുകൊണ്ട്, ‘ഇമ്മാതിരി പൊണ്ണത്തടിയനെ എന്തിനു കൊള്ളാം ഏതിനുകൊള്ളാം നാലുപുരയ്ക്കലെ തൂണിനുകൊള്ളാം മച്ചിപ്പശുവിനെയറക്കാനേ കൊള്ളൂ…’ എന്ന പാട്ടൊക്കെ പാടി, ഈ കുടിയാരോപണത്തിനെ നേരിടാറാണ് പതിവ്. ഇന്ന് പക്ഷേ ദേഷ്യം നിയന്ത്രിക്കാന്‍ പറ്റ്ണ്ല്ല്യ… ഒന്നാമത്, കട്ടന്‍ കാപ്പിടെ ഒപ്പം തിന്ന ആ അയ്യത്തടടെ സ്വാദ്! ‘വയറ്‌നെറച്ച് തിന്നാലോ വീട്ട്‌ച്ചെന്ന്ട്ട് വള്ള്യോട് പറഞ്ഞാല്‍’ ന്ന് വിചാരിച്ചിട്ടാ വന്നത്. വഴിക്ക്, കുടിക്കാന്‍ ഷാപ്പില് കേറീട്ട് ഇനി അയ്യത്തടടെ പേര് മറന്ന് പോണ്ടാച്ചിട്ട്, കുടിക്കാനും കേറീല്ല്യ. എത്രയൊക്കെ ശ്രദ്ധിച്ച് നടന്നിട്ടും വരമ്പത്ത് വീഴും ചീതു. എന്നിട്ടും മറക്കാതെ ‘അയ്യത്തടാ അയ്യത്തടാ’ ന്ന് പറഞ്ഞ് വന്ന്ട്ട് ഇപ്പൊ ലോകത്താരും കേള്‍ക്കാത്ത പലഹാരാത്രേ ഈ ‘അയ്യത്തട!’