“വേലായ്തനാശാരി വീണ്ടും ചീരക്കുഴിപ്പുഴ നീന്തുന്നു. തോട്ടിന്‍കരയിലെ കൈതക്കൂട്ടത്തിലെ കുളക്കോഴികളോടൊക്കെ സാധാരണ സംസാരിക്കാറുള്ളതാണ്. ഇന്ന് അതൊന്നുമില്ല. പ്രാന്തത്തിയമ്മിണി മാത്രം തൊഴാന്‍ ചെല്ലാറുള്ള മുക്കത്തിക്കാവിലെ ആവല്‍മരത്തിലെ, തലകീഴായി തൂങ്ങിക്കിടക്കുന്ന ആവലിന്‍ചാതികളെ (ഒരു തരം വവ്വാല്‍) സഞ്ചിയിലെ മുഴക്കോല്‍ നീട്ടി, ‘ഠേ.. ഠേ’ എന്ന് വെടിയുതിര്‍ത്ത് പേടിപ്പിക്കാറുള്ളതാണ്. അന്ന് ആവലിന്‍ചാതികള്‍ വേലായ്തനാശാരിയുടെ വെടിശബ്ദം കേള്‍ക്കാതെ ഉറക്കത്തിലേയ്ക്ക് പോയി. പാടത്തുനിന്നും തോട്ടിലേക്ക് വെള്ളം ചാടുന്നിടത്തു കാണുന്ന നീര്‍ക്കോലിയോടും; എവിടെയോ ഒളിഞ്ഞിരിക്കുന്ന അജ്ഞാതനായ തവളയോടുമായി, ‘നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ കോലുനാരായണന്‍ കട്ടോണ്ടുപോയ്….’ എന്നൊക്കെ പാടി നോക്കാറുള്ളതാണ്. ഇന്നൊന്നുമില്ല.!”
“വേലായ്തനാശാരി പുഞ്ചപ്പാടത്തേക്ക് കയറി. വരമ്പിലൂടെ നടന്നു. ‘കൊഴ്ക്കട്ടാ… കൊഴ്ക്കട്ടാ… കൊഴ്ക്കട്ടാ…’ നെടുനീളന്‍ കഴായയെത്തി. നല്ല വഴുക്കലുണ്ട്. കുട്ടികള്‍ ആരോ കണ്ണന്‍ മീനിനെ പിടിക്കാന്‍ കുത്തിമറിഞ്ഞു പണിയെടുത്തതിനാല്‍, വരമ്പും കഴായവക്കുമൊക്കെ നല്ല അളിപിളീന്നായിരിക്കുന്നു. ശ്രദ്ധിച്ച്…, നല്ലോണം ശ്രദ്ധിച്ച്…, നല്ല നല്ല നല്ല പോലെ ശ്രദ്ധിച്ച്, വേലായ്തനാശാരി ഒറ്റച്ചാട്ടം…! ‘അയ്യത്തടാ….!’ വഴുക്കീലോ…! മുണ്ടും ഷര്‍ട്ടും പണിസാധനങ്ങളടെ സഞ്ചീം ഒക്കെ കഴായയില്‍ വീണ് ചേറില്‍പ്പുതഞ്ഞു.
വേലായ്തനാശാരി ചടപടേന്ന് എണീറ്റ്, ചൊല്ലിയ മന്ത്രം മറക്കാതിരിക്കാന്‍, തെറ്റാതെ ചൊല്ലിക്കൊണ്ട് വീട്ടിലേയ്ക്ക് നടന്നു.”
“കൊഴ്ക്കട്ടാന്നല്ലേ…!?” ദേവു ചോദിച്ചു.
“ആയിരുന്നു. പക്ഷേ വഴുക്കിവീണപ്പൊ വേലായ്തനാശാരി ‘അയ്യത്തടാ…’ ന്ന് പറഞ്ഞില്ലേ…. പിന്നെ അതായി വായില്. കൊഴിക്കട്ട പോയി. മറവിശക്തി കൂടുതലുള്ള ആളാണല്ലോ വേലായ്തനാശാരി.”
ദേവുവും അപ്പുവും ചിരിക്കാന്‍ തുടങ്ങി.
“വേലായ്തനാശാരി വലിഞ്ഞുനടന്നു.
‘അയ്യത്തടാ അയ്യത്തടാ… അയ്യത്തടാ….”
ദേവുവും അപ്പുവും തലതല്ലിച്ചിരിക്കാന്‍ തുടങ്ങി.
അച്ഛനെത്തന്നെ നോക്കി ഇളംചിരിയോടെ ഇരുന്ന അമ്മയോട്, ഇളകിയാടിക്കഥപറയുന്നതിനിടയില്‍ അച്ഛന്‍ ആംഗ്യത്താല്‍ ചോദിച്ചു.
“ഉം…?”
“എനിക്ക് പറഞ്ഞ് തന്നേനേക്കാള്‍ നന്നായിരിക്ക്ണൂ കഥ.”
അച്ഛന്‍ ആസ്വദിച്ചു ചിരിച്ചു.
അമ്മ വീണ്ടും പറഞ്ഞു.
“അന്നതൊരു പിഞ്ച് കഥയായിരുന്നു. ഇന്ന് ഇരുന്നിരുന്ന് മൂത്ത് പഴുത്തിരിക്ക്ണൂ…!”
അമ്മയെ നോക്കി കണ്ണിറുക്കി, അച്ഛന്‍ കഥ തുടര്‍ന്നു.