“ചോയ്ക്കാന്‍ ദ്‌ന്റെ പേരെന്താന്ന് എനിയ്ക്കറിയില്ല്യാ… എന്താന്നും ദ്‌ന്റെ പേര്?”
“ഇത് കൊഴ്ക്കട്ട. കൊഴ്ക്കട്ടാന്ന് പറഞ്ഞാ അറിയാത്ത പെണ്ണ്ങ്ങള് ഇന്നേതായാലും ഊ മലയാളനാട്ടില്ണ്ടാവ്ല്ല്യാ…”
“കൊഴ്ക്കട്ട… ല്ലേ….?”
“ഉം..”
“വേലായ്തനാശാരിക്ക് ഉറപ്പാണ് രണ്ട് കാര്യങ്ങള്‍. ഒന്ന്, വള്ളിക്കീ പലഹാരം അറിയില്ല. രണ്ട്, വീടെത്തണവരെ ‘കൊഴ്ക്കട്ടാ…’ ന്നന്നെ പറഞ്ഞോണ്ടിരിന്ന്‌ല്ല്യെങ്കില് ഞാന്‍ മറക്കും ആ പേര്. പൊഴ നീന്തി ഒരലാശ്ശേരി എത്തണേന് മുമ്പ്, കാവടിമുക്കിലെ ചാരായഷാപ്പില്ക്ക് ഒന്ന് പാളിനോക്കാന്‍ തോന്നിയാപിന്നെ പറയും വേണ്ട ‘കൊഴ്ക്കട്ടാ’ ന്ന്ള്ളത് മറക്കാന്‍. അതോണ്ട്, ഇതിങ്ങനെ പറഞ്ഞുകൊണ്ടേ ഇരിക്കണം. കുട്ടിക്കാലത്ത് ഒര് വെറ്റില വാങ്ങാന്‍ പറഞ്ഞ് വിട്ട്ട്ട്, ഒര് കെട്ട് വെറ്റില വാങ്ങിക്കൊണ്ട് ചെന്ന്ട്ട്, അച്ഛന്റേന്ന് കിട്ടിയ അടിടെ ചൂടിപ്പഴും ഓര്‍മ്മണ്ട്. അത്രയ്ക്ക് മറവിശക്ത്യാ. വേലായ്തനാശാരി ചിന്തേരിടുമ്പോഴും ആണിപ്പഴുതുണ്ടാക്കാന്‍ തിരികുറ്റി തിരിക്കുമ്പോഴും മുളയാണി കടഞ്ഞുണ്ടാക്കുമ്പോഴും ഉളി, വെള്ളാരംകല്ലിന്റെ പൊടിയില്‍ ഉരച്ച് മൂര്‍ച്ച വരുത്തുമ്പോഴുമൊക്കെ പറഞ്ഞുകൊണ്ടേ ഇരുന്നു. “കൊഴ്ക്കട്ടാ… കൊഴ്ക്കട്ടാ… കൊഴ്ക്കട്ടാ… കൊഴ്ക്കട്ടാ…”
പണിമാറ്റി പണിസാധനങ്ങള്‍ സഞ്ചിയിലാക്കി, കയ്യും കാലും കഴുകി കൂലി വാങ്ങുമ്പോഴും മന്ത്രമായി കൊഴുക്കട്ടയുണ്ട് ചുണ്ടില്‍.
“ഇന്നലത്തെ അഞ്ചുരൂപ പിടക്കട്ടേ വേലായ്തോ…?” ന്ന് അന്നത്തെ അച്ചമ്മ ചോദിച്ചപ്പഴും വേലായ്തനാശാരി മറുപടി പറയാതെ എന്തോ ആംഗ്യം കാണിക്കുകയാണ് ചെയ്തത്. വായ തുറന്ന്, ‘പിടിച്ചോളൂ’ എന്നോ; ‘വേണ്ടാ… നാളെ പിടിക്കാം’ എന്നോ പറയാന്‍ നിന്നാല്‍ മന്ത്രം പെഴയ്ക്കും. പിന്നെ കൊഴ്ക്കട്ട തിന്നാന്‍ പറ്റ്ല്ല്യ. കൊഴ്ക്കട്ട തിന്നണം എന്നതിനേക്കാള്‍; വള്ളിയുണ്ടാക്കുന്ന കൊഴുക്കട്ട തിന്നണം എന്നൊരാഗ്രമാണ് മനസ്സില്‍….”
“കൂലി വാങ്ങി വേലായ്തനാശാരി മടക്കയാത്രയായി. പതിവില്‍കൂടുതല്‍ തലകുനിച്ചാണ് തിരിച്ചുനടത്തം. വഴിയില്‍ എതിരേ വരുന്നവരില്‍ പരിചയക്കാരെ ആരെയെങ്കിലും കണ്ടാല്‍ ചിരിക്കേണ്ടിവരും. ചിരിച്ചാല്‍, അവര്‍ ചോദിക്കുന്നതിന് സമാധാനം പറയേണ്ടിവരും. പിന്നെ കൊഴുക്കട്ട തിരിച്ചുകിട്ടിയെന്നുവരില്ല. ഇന്നത്തെ ഒരു ദിവസം കൊഴുക്കട്ടയ്ക്കായി മാറ്റിവെക്കാം. സാധാരണ ദിവസങ്ങളില്‍ ഷാപ്പില്‍ നിന്നുമിറങ്ങിവരുന്ന വേലായ്തനാശാരിയേപ്പോലെ; ഷാപ്പില്‍ നിന്നിറങ്ങാതെത്തന്നെ അതിവിനയവാനായി വേലായ്തനാശാരി തലതാഴ്ത്തി നടന്നു. വ്യത്യാസം, ഷാപ്പില്‍ നിന്നിറങ്ങുന്ന വേലായ്തനാശാരി, ‘എന്റെ പിടിത്താള് കണ്ടപ്പം തമ്പ്‌രാന്‍ പമ്പരം പോലുള്ള കണ്ണുരുട്ട്യേ….’ എന്നോ… ‘ആരാരരിയണം ചെഞ്ചീര… എന്റെ അമ്മായ്യരിയണം ചെഞ്ചീര….’ എന്നോ ഒക്കെ പാടിയാണ് തലതാഴ്ത്തി നടക്കാറ്. ഇന്ന് മന്ത്രജപമാണ്. കൊഴ്ക്കട്ട… കൊഴ്ക്കട്ട… കൊഴ്ക്കട്ട…”