ഞാന്‍ ആലോചിക്കുന്നതൊക്കെ ഇങ്ങനെ കൃത്യമായി അച്ഛനെങ്ങനെയാണ് പിടികിട്ടുന്നതെന്ന് അത്ഭുതപ്പെട്ട ദേവു; നാണിച്ച് ചിരിച്ച്, ഉവ്വെന്ന് തലയാട്ടി.
“എന്നാ ബാ.. അങ്ക്ട് ഇരിക്കാം. ഇനി ആ അയ്യത്തടകള്‍ ആവികയറ്റി വേവുമ്പോഴേക്കും നമ്മക്ക് കഥയും പറഞ്ഞ്തീര്‍ക്കാം.”
ഇരുപത് കൊഴുക്കട്ടകള്‍ നിരത്തിവെച്ചതും; കുഴച്ചമാവും കലര്‍ത്തിവെച്ച തേങ്ങയും പൊടികളും കൃത്യമായി ഒപ്പം കഴിഞ്ഞു. ഉറപ്പാണ്. അമ്മ മാജിക് പഠിച്ചിട്ടുണ്ട്. അമ്മ ഇഡ്ഢലിപ്പാത്രം അടച്ച് നാളം പാതിയിലാക്കി കഥകേള്‍ക്കാന്‍ വന്നിരുന്നു.
“ഒരു ദിവസം വേലായ്തനാശാരിക്ക് വൈകീട്ട് കട്ടന്‍കാപ്പിടെ കൂടെ, അന്ന് അവടെണ്ടായിരുന്ന അച്ചമ്മ, ഒരു കൊഴുക്കട്ട കഴിക്കാന്‍ കൊടുത്തു. അരിവറത്തതും മത്തന്‍കുരു ചുട്ടതും ചിലപ്പോള്‍ കൊടുക്കാറുണ്ട്. ചിലപ്പോള്‍ കാച്ചില്‍ പുഴുങ്ങിയതാവും. ചിലപ്പോള്‍ ഒന്നും കണ്ടില്ലന്നും വരും. വേലായ്തനാശാരി ജീവിതത്തിലാദ്യമായാണ് ഇങ്ങനെയൊരു പലഹാരം കഴിക്കുന്നത്. എന്തൊരു സ്വാദാണ്! കഴിച്ച സ്വാദ് കാപ്പി കുടിച്ച് പോകാതിരിക്കാന്‍; മുഴുവന്‍ കാപ്പിയും കുടിച്ചുകഴിഞ്ഞ് കഴിക്കാന്‍, ഒരു കഷണം ബാക്കിവെച്ചു. അത് വായില്‍ നിന്നിറക്കാന്‍ തോന്നുന്നില്ല. ചവച്ചുചവച്ച് വെള്ളമായശേഷമാണ് ഇറക്കിയത്. എന്നിട്ട് പുറത്തുവിട്ട നിശ്വാസമാണ് ജീവിതത്തിലെ ഏറ്റവും നല്ല ശ്വാസംവിടലെന്നുവരെ വേലായ്തനാശാരിക്ക് തോന്നി.
കഴുകിക്കമഴ്ത്തിയ ഗ്ലാസ്സ് എടുക്കാന്‍ വന്ന അന്നത്തെ അച്ചമ്മയോട് വേലായ്തനശാരി ചോദിച്ചു…
“ഇന്ന് തിന്നാന്‍ തന്ന പലഹാരം എന്താന്നും?”
“എന്തേ…?”
“ഒന്നൂല്ല്യ… ചോച്ചതാ..”
“ഇഷ്ടായില്ല്യാന്ന്‌ണ്ടോ…!?”
“അയ്യോ… അതല്ല! നല്ല സ്വാദ്… ഞാനിത് ആദ്യായിട്ടാ കഴിക്കണ്. കാണണതന്നെ ആദ്യായിട്ടാ…”
“ഇതെല്ലാവരും ണ്ടാക്കണ പലഹാരാണല്ലോ… അടയൊക്കെ പോലെ..”
“ന്റെ വള്ളിയ്ക്ക് ദെന്തായാലും അറിയില്ല്യ.. ഒര് മാതിരിപ്പെട്ട പലഹാരൊക്കെ അവള്ണ്ടാക്കാറ്ണ്ട്..”
“പിന്നേ… അറിയാണ്ടിരിക്ക്യാ….! ചെന്ന് ചോച്ച്വോക്കൂ വേലായ്തന്‍ വള്ള്യോട്… അറിയോന്ന്…”