അച്ഛന്‍ കഥ തുടര്‍ന്നു. അപ്പൊ പറഞ്ഞ് വന്നത് എന്റെ അച്ചമ്മടെ അമ്മടെ നാട്ടിലൊരു ആശാരിയുണ്ടായിരുന്നു. ആശാരീന്ന് വെച്ചാ; നിങ്ങളൊക്കെ പഠിച്ച കാര്‍പ്പന്റര്‍. അതായത് മരത്തില് പണി എട്ക്കണോരെയൊക്കെ പണ്ട് ആശാരീന്നാ പറഞ്ഞിരുന്നത്. നാട്ടിൻപൊറത്ത്, ആശാരിയെ ആശാരീന്നും ആശാരിടെ ഭാര്യയെ ആശാരിച്ചീന്നും വിളിക്കും. അച്ചമ്മടെ അമ്മടെ വീട്ടില് വന്നിര്ന്ന ആശാരിടെ പേരാണ് വേലായ്തന്‍. പേര് വേലായ്തന്‍ന്നാച്ചാലും എല്ലാരും ‘വേലായ്തനാശാരീ…,’ ന്നാ വിളിച്ചേര്‍ന്ന്. എരവത്തൊടി എന്ന സ്ഥലത്താ വേലായ്തനാശാരിടെ വീട്. എരവത്തൊടീന്ന് നടന്ന്, അക്കരക്കാടും കടന്ന്, പുഞ്ചപ്പാടത്തിന്റെ വരമ്പത്തുക്കൂടെ നടന്ന്, ചീരക്കുഴിപ്പൊഴ നീന്തിക്കടന്ന്ട്ടാ വേലായ്തനാശാരി പണിക്ക് വര്വാ… മൊഴക്കോലും പെന്‍സിലും വീതുളീം മൂലമട്ടൂം കീറ്റ് കട്ടേം ചിന്തേരും ഒക്കെ ഒരു സഞ്ചീലിട്ട്, ആ സഞ്ചി നനയാതെ പൊക്കിപ്പിടിച്ച്, ഒറ്റക്കയ്യോണ്ട് തൊഴഞ്ഞ് നീന്തീട്ടാ പൊഴ കടക്കാറ്.”
അന്തംവിട്ടിരിക്കുന്ന ദേവുവിനോട് ഒന്നു തിരിഞ്ഞുനോക്കി, അമ്മ ‘ഉം…?’ എന്ന് ചോദിച്ചു. ദേവു അത് കണ്ടതുപോലുമില്ല. ദേവുവിന്റെ മനസ്സ് മുഴുവന്‍, ഒറ്റക്കയ്യില്‍ സഞ്ചിയും പൊക്കിപ്പിടിച്ച് പുഴ നീന്തിവരുന്ന ഏതോ ഒരു ആശാരിയാണ്. അവളുടെ സങ്കല്‍പ്പത്തിലെ ‘ആശാരി’ എന്ന ജീവിക്ക്, രണ്ട് കൊമ്പും നീണ്ട മൂക്കുമുണ്ടായിരുന്നു. പൊക്കിപ്പിടിച്ച സഞ്ചി നിറയെ ടെഡീബീറടക്കമുള്ള കളിപ്പാട്ടങ്ങളായിരുന്നു. ആശാരിയുടെ കാലുകള്‍ മീനിന്റെ വാലുകള്‍ പോലെ, ജന്മനാ തുഴകള്‍ പിടിപ്പിച്ചതായിരുന്നു. വേലായ്തനാശാരി എന്ന ആ ജീവി നീന്തിക്കയറി; നനഞ്ഞ മണലില്‍ നിന്ന് ഒന്ന് ദേഹം കുടഞ്ഞതും നീര്‍ക്കാക്കയേപ്പോലെ ദേഹം മൊത്തം ഉണങ്ങിയതായി മാറി. നീര്‍ക്കാക്കകളെ ദേവു, അച്ഛന്റേയും അമ്മയുടേയും ഏട്ടന്റേയും കൂടെ കോള്‍പ്പാടത്ത് താമര വിരിഞ്ഞത് കാണാന്‍ പോയപ്പോള്‍ കണ്ടിട്ടുണ്ട്.
ഇതിനിടയില്‍ അമ്മ നാലഞ്ച് അച്ച് ശര്‍ക്കര ചീവിപ്പൊടിയാക്കിയിരുന്നു.
ജീരകവും എള്ളും ഏലയ്ക്കാപ്പൊടിയും ശര്‍ക്കരപ്പൊടിയും തേങ്ങ ചിരകിവെച്ചതുംകൂടി കൂട്ടിക്കലര്‍ത്തി അമ്മ കൊഴുക്കട്ടയുണ്ടാക്കാന്‍ തുടങ്ങി. കയ്യില്‍ വെച്ച് മാവ് പരത്തി, കലര്‍ത്തിവെച്ചവ മാവില്‍ നിറച്ച് മാവുരുട്ടി അടച്ച് കുഞ്ഞു പന്തുകളാക്കി, ആവി കയറിത്തുടങ്ങിയ ഇഡ്ഢലിത്തട്ടില്‍ വെച്ചുകൊണ്ടിരുന്നു. ഒപ്പം പറഞ്ഞു. “വേണെങ്കില് അണ്ടിപ്പരിപ്പും മുന്തിരീം ഒക്കെ ചേര്‍ക്കാട്ടോ.”
നാലഞ്ചെണ്ണം വെച്ചപ്പോഴാണ് അപ്പുവിന് സംഗതി പിടികിട്ടിയത്.
“ഇത് കൊഴുക്കട്ടയല്ലേ…! അപ്പൊ അയ്യത്തടയോ!?”
“ങാ… ഈ കൊഴുക്കട്ട എങ്ങനെയാണ് അയ്യത്തടയായത് എന്നാണ് കഥ. ദേവൂ…, വേലായ്തനാശാരി പൊഴ നീന്തിക്കേറ്യോ…!?”