അമ്മ മാവുകുഴയ്ക്കുമ്പോള്‍ അച്ഛന്‍ തേങ്ങ ചിരകാന്‍ തുടങ്ങി.
“അച്ഛന്‍ എന്ത് വേഗത്തിലാ തേങ്ങ ചെരകണ്!” അപ്പു അത്ഭുതപ്പെട്ടു.
“അച്ഛനെ ആരാ തേങ്ങ ചെരകാന്‍ പഠിപ്പിച്ചത്?” ദേവു ചോദിച്ചു.
“അച്ഛമ്മ”
“അച്ഛന്റെ അച്ചമ്മ്യോ ഞങ്ങടെ അച്ചമ്മ്യോ?”
“നിങ്ങടെ അച്ചമ്മ”
“ഇത്ര സ്പീഡില് ചെരകാന്‍ അച്ചമ്മ്യാ പഠിപ്പിച്ചത്!?” അപ്പുവിന് അതിലെ സാഹസികതയിലാണ് നോട്ടം.
അച്ഛന്‍ ചിരകല്‍ നിര്‍ത്തി. ഒന്ന് നിവര്‍ന്നുനിന്നു. ശരീരം ഒരു പ്രത്യേക രീതിയില്‍ വളച്ചു. പുരികം ഒന്ന് കേറ്റിപ്പിടിച്ചു. ശബ്ദം ആരെയോ അനുകരിച്ചെന്നപോലെ മാറ്റിക്കൊണ്ട് പറഞ്ഞു.
“ഈ ചിരകലൊക്കെ വല്ല സ്പീഡുമാണോ….!? എടാ വേ…., അച്ഛന്‍ ദെഹണ്ഡത്തിന് പോയ കാലത്ത്….”
“ആ കഥ പിന്നൊരു ദിവസം പറയാം. തൊടങ്ങിയത് മുഴുവനാക്കൂ…”
അമ്മ ഊറിച്ചിരിച്ച് പറഞ്ഞു. ഒപ്പം ഇഡ്ഡലിപ്പാത്രത്തില്‍ വെള്ളമൊഴിച്ച്, തട്ട് ഒരെണ്ണം മാത്രം വെച്ച്, പാത്രം അടുപ്പില്‍ കയറ്റി. തീ കത്തിച്ച്, തീ കുറച്ചുവെച്ചു.
“ഏത്? ചെരകലോ കഥയോ വേഗം മുഴുവനാക്കണ്ടത്?”
അച്ഛന്‍ രൂപം മാറ്റി, ശബ്ദം മാറ്റി അച്ഛന്‍തന്നെയായി.
“രണ്ടും.”
അച്ഛന്‍ തേങ്ങ ചിരകിക്കൊണ്ട് തുടര്‍ന്നു.
“അപ്പൊ അയ്യത്തടടെ കഥല്ലേ…?”
“ദെഹണ്ഡം ന്ന് വെച്ചാ എന്താ?” ദേവുവിന്റെ സംശയം വഴിയില്‍ത്തന്നെ നില്‍പ്പാണ്.
“ദെഹണ്ഡം ന്ന് പറഞ്ഞാ ഇപ്പൊ അമ്മേം അച്ഛനും ചെയ്യണ ഈ പണിയൊക്കെത്തന്നെ. പാചകം. ദെഹണ്ഡക്കാരന്‍ന്ന് വെച്ചാ പാചകക്കാരന്‍. ‘നാള്യൊര് കല്ല്യാണണ്ട്. ദെഹണ്ഡത്തിന് വിളിച്ച്ട്ട്ണ്ട്’ ന്നൊക്കെ പറയും. ദെഹണ്ഡം ചെയ്യണ പെര ദഹണ്ഡപ്പെര. കൊറേ കാലായി ഈ വാക്കൊക്കെ നാവില് തടഞ്ഞിട്ട്. അത് പോട്ടെ. അപ്പൊ നമ്മടെ കഥ….”
ഇതിനിടയില്‍ അമ്മ, ജീരകം ഒരു പിടി എടുത്ത് കഴുകി. എള്ള് കുറച്ചെടുത്ത് കഴുകി. ഏലക്കായ പൊട്ടിച്ച് ചീനച്ചട്ടിയില്‍ ഒന്നു വറുത്ത്, അടുക്കളയില്‍ ഇരിക്കുന്ന കുഞ്ഞിയ ആട്ടുകല്ലില്‍ അരങ്ങിപ്പൊടിച്ചു.