“കഥ കേള്‍ക്കണേന് ഒപ്പം, അമ്മ ചെയ്യണത് നമ്മക്ക് ശ്രദ്ധിക്കും ചെയ്യാട്ടോ… നോക്കിയും കണ്ടും ചെയ്തും പഠിച്ചില്ലെങ്കി പിന്നെ, നിങ്ങടെ മക്കള്‍ക്ക് ‘അയ്യത്തട’ ടെ കഥമാത്രം കൊട്ക്കാനേ പറ്റൂ… അയ്യത്തടേം ണ്ടാക്കിക്കൊട്ക്കണ്ടേ…?”
അച്ഛനും മക്കളും എഴുന്നേറ്റു.
തള്ളക്കോഴിയുടെ ചിറകിനിടയില്‍ക്കൂടി കോഴിക്കുഞ്ഞുങ്ങള്‍ തലനീട്ടുന്നപോലെ അമ്മ, മാവ് പാത്രത്തിലിടുന്നതിനിടയില്‍, ഇരുവശത്തുനിന്നും രണ്ട് ഉണ്ണിത്തലകളും; അമ്മത്തലയുടെ മുകളില്‍ക്കൂടി പുറകില്‍ നിന്നും ഒരു അച്ഛന്‍ തലയും പ്രത്യക്ഷപ്പെട്ടു.
“ദാ… അടുപ്പില്‍ തിളയ്ക്കണ ആ വെള്ളം എടുക്കുക.” അമ്മ പറഞ്ഞുതുടങ്ങി.
‘ഇതിനിടയില്‍ അമ്മ എപ്പഴാ പാത്രത്തില്‍ വെള്ളം തിളയ്ക്കാന്‍ വെച്ചത്!? അമ്മ മാജിക് പഠിച്ചിട്ടുണ്ടോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എത്ര ക്ഷണമാണ് ഓരോന്നും ചെയ്യുന്നത്!’ ദേവു ആലോചിച്ചു.
“നല്ല നാടന്‍ ഒണങ്ങലരിപ്പൊടി ഒരു നാഴി എടുത്ത്, അതില് ഒന്നോ രണ്ടോ സ്പൂണ്‍ നല്ല പശുവിന്‍ നെയ്യും ചേര്‍ത്ത്, ഇത്തിരി ഉപ്പും ചേര്‍ത്ത് ദാ… നല്ലപോലെ തിളച്ച ഈ വെള്ളം ചേര്‍ത്ത് കുഴയ്ക്കണം.”
ഇതു പറയുന്നതിനൊപ്പംതന്നെ അമ്മ നെയ്യും ഉപ്പും ചേര്‍ത്ത് വെള്ളമൊഴിച്ച് കുഴച്ചുതുടങ്ങി. ചൂടുകാരണം അമ്മ ഇടയ്ക്കിടയ്ക്ക് കൈ പുറത്തെടുത്ത് കുടഞ്ഞ് ചൂടുകളയുന്നുമുണ്ട്. തേങ്ങ പൊട്ടിക്കുന്ന ശബ്ദം കേട്ട് കുട്ടികള്‍ ശബ്ദം കേട്ട ഭാഗത്തേയ്ക്ക് നോക്കി. ‘അച്ഛനെപ്പഴാ മടാള് എടുക്കാന്‍ പോയത്!? ഇപ്പത്തന്നെ അമ്മടെ പൊറകിലുണ്ടായിരുന്നതല്ലേ!? അച്ഛനും മാജിക് പഠിച്ചിട്ടുണ്ടോന്ന് സംശയണ്ട്…’
അച്ഛന്‍, തേങ്ങ ഒന്നു കഴുകി മൂന്നു ഞരമ്പിലും മടവാള് കൊണ്ട് മുട്ടി, തേങ്ങ കൃത്യം നടുപൊട്ടിച്ചു. പുറത്തുവന്ന വെള്ളം ഒരു ചെറിയ പാത്രത്തില്‍ പിടിച്ച് നാല് ഗ്ലാസ്സിലാക്കി എല്ലാവര്‍ക്കും കൊടുത്തു. ഏതിലാ കൂടുതല്‍ എന്നറിയാന്‍ എത്തിനോക്കിയ കുട്ടകള്‍ കണ്ടത്, അച്ഛനുമമ്മയ്ക്കും വളരെക്കുറച്ച് മാത്രം. പേരിനിത്തിരി വെള്ളം. ദേവൂനും അപ്പൂനും രണ്ട് ഗ്ലാസ്സില്‍ അളന്നൊഴിച്ചപോലെ കൃത്യ അളവില്‍. ഉറപ്പാണ് അച്ഛന്‍ മാജിക് പഠിച്ചിട്ടുണ്ട്.!
“അടുത്ത തേങ്ങ പൊട്ടിക്കണോ?” എന്ന് അച്ഛന്‍.
“നോക്കീട്ട് മതി. ചെലപ്പൊ ഇത് തെകയും” അമ്മ പറഞ്ഞു.