‘പണിക്ക് പോയ ആ വീട്ട്കാര് പറഞ്ഞല്ലോടീ… ലോകത്തെല്ലാ പെണ്ണുങ്ങള്‍ക്കും അറിയണ പലഹാരാ അത് ന്ന്. പിന്നെ നണക്കെന്താ അതറിയാത്തത്!? നീയീ ലോകത്തല്ലേ…!? അതോ നീയ് ഞ്ഞീ പെണ്ണല്ലാന്ന്‌ണ്ടോ…!?’
ചെലപ്പൊ വേലായ്തനാശാരി ഇന്ന് ഭാര്യയെ ഒന്ന് തല്ലും എന്ന മട്ടിലാണ് നില്‍പ്.
‘നല്ലണം കുടിച്ചിട്ട്‌ണ്ടെങ്കില്‍ ഇന്ന് ചെലപ്പൊ കിട്ടാനും മതി’ എന്ന് വള്ളിക്കും തോന്നി. വരണോടത്ത് വെച്ച് കാണാന്ന് വള്ളിയും തീരുമാനിച്ചു.
വള്ളി ശബ്ദമുയര്‍ത്തിത്തന്നെ പറഞ്ഞു.
‘നിങ്ങളീപറയണ പലഹാരൊന്നും ഞാന്‍ കേട്ടിട്ടില്ല്യ… അങ്ങന്യൊര് പലഹാരം ഈ ലോകത്തില്ല്ല്യാന്നാ ഞാന്‍ പറയ്വാ…’
‘പലകാരം പലകാരം ന്ന് പറയാണ്ടെ, ഞാന്‍ നാവ്മ്പ്ന്ന് വിടാണ്ടെ പഠിച്ചിട്ട് വന്ന ആ പേര് പറയടീ…’
‘നിങ്ങള് പറഞ്ഞതാച്ചാ… അയ്യത്തടാ….!’
‘ങാ.. അയ്യത്തടാ…! ‘കിടി കിടീ’ന്ന് ന്നോട് വര്‍ത്താനം പറഞ്ഞ്ട്ട് ആ പേര് കളയാന്‍ നോക്ക്വാ നീയ്..!? വേഷം കെട്ട്ട്ക്കാതെ വേം പോയി ‘അയ്യത്തട’ ണ്ടാക്കിക്കോ വള്ള്യേ. അതാ നണക്ക് നല്ലത്.’
വള്ളിക്കും ദേഷ്യം വന്നു.
‘മനുഷ്യാ…, എനിക്കറിയാത്തതെങ്ങന്യാ… ഞാന്‍ ണ്ടാക്കണ്ന്ന്!? ഒരു ‘അയ്യത്തടേം’ കൊണ്ട് വന്നിരിക്ക്ണൂ…!’
ഈ പറഞ്ഞതില്‍ വേലായ്തനാശാരിടെ സകല നിയന്ത്രണൂം പോയി. കുടിക്കാതെ എന്നെ കുടിച്ചൂന്ന് പറഞ്ഞത് പോട്ടെ. പലഹാരം ഉണ്ടാക്കിത്തരില്ലെങ്കി അതും പോട്ടെ. അയ്യത്തടാന്നൊരു പലഹാരം ഇല്ലാന്ന് കള്ളം പറഞ്ഞതും പോട്ടെ. പക്ഷേ ഇത്ര കഷ്ടപ്പെട്ട് കാണാതെ പഠിച്ച് വന്ന; ‘അയ്യത്തടാ’ എന്ന ആ വാക്കിനെ പുച്ഛിച്ചതില്‍ വേലായ്തനാശാരി കയ്യീന്ന് പോയി.
പിന്നൊരു മല്‍പ്പിടിത്തമായിരുന്നു. വേലായ്തനാശാരി ചന്നം പിന്നം വള്ളിയെ തല്ലി. കുനിച്ചു നിര്‍ത്തി മുതുകത്തിടിച്ചു. മുടി വലിച്ചിഴച്ചു. കുതറിമാറാന്‍ ശ്രമിച്ചെങ്കിലും വള്ളിയുടെ ശ്രമം നടന്നില്ല. വമ്പനൊരു ഗുസ്തിക്കു ശേഷം ഒടുവില്‍ ഇരുവരും തളര്‍ന്ന് ഒരിടത്തിരുന്നു. വള്ളിയുടെ കവിളിലൂടെ കണ്ണീരൊഴുകി. ഇതുകണ്ട വേലായ്തനാശാരിക്കും സങ്കടമായി. ഒരു പലഹാരമുണ്ടാക്കിത്തരാത്തതിന് ഭാര്യയെ ഇങ്ങനെയൊക്കെ ഇടിച്ചത് ശരിയായില്ല. വേലായ്തനാശാരി പതുക്കെ പറഞ്ഞു.