മുക്കണ്ണനെന്ത് നിയമം!?
മൂവുലകിലും നിറഞ്ഞവനെന്ത് നിയന്ത്രണം!?
ഓട്ടോറിക്ഷയ്‌ക്കെന്ത് റോഡ് നിയമം!?
ഹെല്‍മെറ്റും…..
എന്തിന്,
സീറ്റ് ബെല്‍റ്റ് പോലും വേണ്ടാത്ത
സ്വാതന്ത്ര്യം.
‘ദാ….. ഞാന്‍ വരുന്നേ….’ ന്ന് പറഞ്ഞ്,
ഇന്റിക്കേറ്ററിട്ട്,
ഏതെങ്കിലും
ത്രിമൂര്‍ത്തി വരാറുണ്ടോ…..
എപ്പോഴെങ്കിലും!?
അസൂയക്കാര്‍ പറയുന്നതാണ്,
‘ഓട്ടര്‍ഷ’യാണ് കുഴപ്പമെന്നത്.
‘ഇന്റിക്കേറ്ററിടില്ല’,
‘എന്തുചെയ്യുമെന്ന്
പ്രവചിക്കാന്‍ പറ്റില്ല….’
എന്തൊക്കെ കുറ്റമാണ്!!!
ട്രാഫിക് ബ്ലോക്ക് ഒഴിവാക്കി,
നീര്‍ക്കോലിയെപ്പോലെ അക്കര പറ്റാന്‍
മറ്റേത് വണ്ടിക്ക് കഴിയും!?
പൊരുതിപ്പൊരുതി,
കാലാള്‍പ്പടപോലെ
ബ്ലോക്കിനിടയിലൂടെ
അവന്‍ ഇരച്ചുകയറി
വരുന്നതു കണ്ടിട്ടില്ലേ….!?
നിയമങ്ങള്‍ പാലിക്കാനെങ്കില്‍
കാറിലോ
ബസ്സിലോ പൊയ്ക്കൂടേ….!?
ചിറകുകൊഴിഞ്ഞ്,
നിലത്തുവീണ
ഹെലികോപ്റ്ററാണ്
ഓട്ടോറിക്ഷ.
പറക്കാന്‍ നോക്കും,
വെട്ടിച്ചുമാറ്റും,
വീശിയെടുക്കും,
ഇടതുതലനീട്ടി
വലത്തോട്ടുപാറും……
ഒരാകാശം മുഴുക്കെ
എന്റെ സ്വന്തമെന്ന മട്ടില്‍!
ചിറകുപോയെന്നുവെച്ച്
തൊഴുത്തില്‍ കെട്ടാനൊക്കുമോ!?
‘ഓട്ടോറിക്ഷ ഒഴികെ
മറ്റു വാഹനങ്ങള്‍
നിര്‍ബന്ധമായും പാലിക്കേണ്ട
റോഡ് നിയമങ്ങള്‍….’
എന്നാക്കേണ്ടതാണ്
ആ നിയമപുസ്തകത്തിന്റെ പേര്.