അതായത്, ഓ.എന്‍.വി എന്ന കവി, മറ്റൊന്നും ഓര്‍ക്കാതെ, ‘ഇത് ദേവരാജന്‍ എന്ന സുഹൃത്ത് മാത്രം മനസ്സില്‍തട്ടി വായിക്കാനുള്ളതാണ്’ എന്നു തീരുമാനിച്ച് എഴുതിയത്, മനോഹര കാവ്യമാകുന്നു.
‘നീ കവിതയില്‍ പറഞ്ഞത് എന്റെ ഉള്ളില്‍തട്ടി ചോര പൊടിയുന്നു ചങ്ങാതീ. നീയെന്നെ ഏല്‍പ്പിച്ച സുന്ദരിയായ കാവ്യകന്യകയെ ഞാനിതാ, ആടയാഭരണങ്ങള്‍ ചാര്‍ത്തി, അതിസുന്ദരിയാക്കി തിരിച്ചുതരുന്നു. ഇത് നിനക്കുവേണ്ടി മാത്രമാണ്. ഇങ്ങനെ മനസ്സില്‍ തീരുമാനിച്ച്, തനിക്കൊരു കത്തെഴുതിയ ഓ.എന്‍.വിക്ക് മാത്രം കേള്‍ക്കാനായി, ഉള്ളില്‍തൊട്ട് ദേവരാജന്‍ ഈണമിട്ടപ്പോള്‍; അതൊരു മനോഹര ഗാനമാവുന്നു. ഇതില്‍നിന്നും രാജന്‍ പൂത്തറയ്ക്കൽ വഴി ഞാനൊന്ന് തിരിച്ചറിയുന്നു.
ഏതൊരു കലയും ഒരു പൊതുസമൂഹത്തെ ഉദ്ദേശിച്ച് ഉണ്ടാക്കേണ്ടതല്ല. ഓരോ കഥയ്ക്കും ഓരോ കവിതയ്ക്കും ഓരോ ശില്പത്തിനും ഓരോ ചിത്രത്തിനും ഓരോരോ ഈണത്തിനും നമ്മള്‍ തയ്യാറെടുക്കുമ്പോള്‍ – അദൃശ്യമായി ഒരാള്‍ മുന്നില്‍ വന്നുനില്‍ക്കും. അത് കാമുകിയാവാം…., ഭര്‍ത്താവാകാം…, ദൈവമാകാം.., മകളാവാം, കൂട്ടുകാരിയാവാം….. രാജാവാകാം….. അവിടെ സൃഷ്ടിക്കപ്പെടുന്ന ആ സര്‍ഗ്ഗക്രിയ, ആ ഒരൊറ്റ വ്യക്തിക്ക് മാത്രം നല്‍കാനുള്ളതാണ്. അതൊരു സ്‌നേഹസമ്മാനമാണ്. വാത്സല്യമാണ്, ശ്രദ്ധയാണ്, ആദരവാണ്, പ്രണയമാണ്. ആ വ്യക്തിയെ പൂര്‍ണ്ണമായും തൃപ്തിപ്പെടുത്താന്‍ സൃഷ്ടിയിലൂടെ സൃഷ്ടികര്‍ത്താവിനാവുമെങ്കില്‍; ആ കല, കാലത്തെ അതിജീവിക്കുമെന്നുറപ്പ്.
ഇത്രയുമെഴുതുമ്പോള്‍ ഞാന്‍, ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍’ എന്ന പാട്ട്, ഇതെഴുതി പേന താഴെ വെച്ച ഉടനെ ഒരാള്‍ക്ക് അയച്ചുകൊടുക്കാന്‍ തിടുക്കപ്പെടുന്നുണ്ട്. ഈ എഴുതിയത്, അവള്‍ എത്രയും പെട്ടെന്ന് വായിച്ചുതീര്‍ത്ത്, അവസാനവരിയും കഴിഞ്ഞ് എന്നെ, തിരയടിക്കുന്ന കണ്ണുകളാല്‍ കോരിക്കുടിക്കണമെന്നാഗ്രഹിക്കുന്നുണ്ട്. അതെ. സത്യം. കല തീര്‍ത്തും വ്യക്തിപരമാണ്. ഓരോ സൃഷ്ടിയിലും അറിയാതെ ഓര്‍ത്തുപോകുന്നു. ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍’ എന്ന്.