“അങ്ങനെ, വര്‍ഷങ്ങള്‍ പിരിഞ്ഞിരുന്നശേഷം, ഇവരെ രണ്ടുപേരേയും സ്‌നേഹിക്കുന്ന ചിലരുടെ ഇടപെടല്‍ വഴി, കാലങ്ങള്‍ക്കിപ്പുറം, ഇവര്‍ രണ്ടുപേരും വീണ്ടും ഒരുമിക്കുകയാണ്. ഓ.എന്‍.വിയ്ക്കറിയാം…, സിനിമയ്ക്ക് പാട്ടുകള്‍ എഴുതുംമുന്‍പുതന്നെ, ഈ പാട്ടുകള്‍ക്ക് ഈണമൊരുക്കാന്‍ പോകുന്നത് ദേവരാജന്‍ മാഷാണ് എന്ന്.”
“അതായത് അപ്പോള്‍, സ്വാഭാവികമായും, ഓ.എന്‍.വി, പേപ്പറും പേനയുമെടുത്ത് എഴുതാനിരിക്കുമ്പോള്‍ സങ്കടത്തോടെ ഓര്‍ക്കുകയാണ്. ‘എത്ര വര്‍ഷങ്ങള്‍…. ദേവരാജാ…., നീയില്ലാതെ കടന്നുപോയി. ഞാന്‍ എഴുതിയ വരികള്‍ക്ക് ഇക്കാലമെല്ലാം പലരും ഈണമിട്ടു. അങ്ങനെയൊരുങ്ങിയ പാട്ടുകള്‍ ഞാന്‍ കേട്ടപ്പോഴൊക്കെ, ഞാന്‍ ആഗ്രഹിച്ചുപോയിട്ടുണ്ട്. ‘ദേവരാജന്‍, നീ അരികില്‍ ഉണ്ടായിരുന്നെങ്കില്‍’ എന്ന്. എങ്കില്‍ ആ പാട്ടുകള്‍ അതിലേറെ മനോഹരമാകുമായിരുന്നു എന്ന്. നടക്കില്ലെന്നറിയാമായിരുന്നു. എങ്കിലും വെറുതേ അങ്ങനെ നിനച്ചുപോയി പലവട്ടം. മഴപെയ്യുമ്പോഴും പൂവിന്‍ ഗന്ധമുണരുമ്പോഴും കിളികള്‍ എന്തോ പറയാന്‍ എന്റെയടുത്തെത്തുമ്പോഴുമെല്ലാം…. എനിക്കു പറയാനുള്ളത് എഴുതിയാലും; നീ എന്റെ അരികിലില്ലല്ലോ എന്ന് വേദനയോടെ ഓര്‍മ്മവരും. ഇങ്ങനെ, സിനിമയുടെ ഷൂട്ട് ചെയ്യാന്‍ പോകുന്ന രംഗമൊന്നും കണക്കാക്കാതെ, ഓ.എന്‍.വി, തന്റെ മനസ്സിലെ വിഷമങ്ങള്‍…., പിണങ്ങിമാറിയിരുന്നതിന്റെ നഷ്ടബോധങ്ങള്‍ ഇവയെല്ലാം ദേവരാജന്, ഒരു പാട്ടിന്റെ രൂപത്തില്‍ എഴുതിനല്‍കുകയാണുണ്ടായത്. അപ്പോള്‍ പറയൂ വിഷ്ണൂ…, സിനിമയിലെ പാട്ടിന് സന്ദര്‍ഭവുമായി എന്തിനാണ് ബന്ധം? അല്ലെങ്കില്‍ എന്താണ് ബന്ധം? ഇനി വേറെ പാട്ടുണ്ടെങ്കില്‍ പറഞ്ഞോളൂ… ഞാന്‍ അതുവെച്ചും. നിങ്ങളുടെ ധാരണ തെറ്റാണെന്ന് കാണിച്ചുതരാം….”
രാജന്‍, തെളിഞ്ഞ തടാകംപോലെ പറഞ്ഞ് നിര്‍ത്തി. എത്ര പാട്ടുകള്‍ വേണമെങ്കിലും പറയാനുണ്ടായിരുന്നിട്ടും ഏവരും, അവിടെ നിശ്ശബ്ദരായിരുന്നു. ചിലര്‍, ‘ഇവരുടെ പിണക്കം കാരണം എത്രയെത്ര നല്ലപാട്ടുകള്‍ നമ്മള്‍ക്ക് നഷ്ടമായി’ എന്നോര്‍ത്ത് നിശ്ശബ്ദരായി. ചിലര്‍, ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍’ എന്ന പാട്ട്, മുഴുവനായും മനസ്സിലൊന്ന് പാടിനോക്കി, രാജന്‍ പറഞ്ഞതിനെ ഒന്നുകൂടി മനസ്സിലിട്ട് നിര്‍ദ്ധാരണം ചെയ്തു.
എനിക്ക്, അമ്മയും ചെറിയമ്മയും ഈ പാട്ടിലേയ്ക്ക് എന്റെ ശ്രദ്ധ കൊണ്ടുവന്നതുമുതലുള്ള എല്ലാ രംഗങ്ങളും ഓര്‍മ്മവന്നു. ഇടയ്ക്കിടക്ക് നനുത്ത ചിരിയും ചിരിച്ച് മുന്നില്‍വന്ന് കൊതിപ്പിച്ചും, ‘എഴുതുന്നെങ്കില്‍ ഇതുപോലൊക്കെ എഴുത്!’ എന്ന് വെല്ലുവിളിച്ചും നില്‍ക്കുന്ന സുന്ദരി, ജീവിതത്തില്‍ കടന്നുവന്ന സന്ദര്‍ഭങ്ങളെല്ലാമോടിയോടി മനസ്സിലെത്തി. അതായത്, ദേവരാജന്‍ മാഷ്, വരികളെഴുതിയ കടലാസും നെഞ്ചില്‍വെച്ച് മലര്‍ന്നുകിടന്നത് ശിഷ്യന്മാര്‍ ഊഹിച്ചപോലെ ഈണമാലോചിക്കല്‍ മാത്രമായിരുന്നില്ല അല്ലേ! എഴുതുമ്പോള്‍ നെഞ്ചുപൊട്ടി ഓ.എന്‍.വി കരഞ്ഞതു പോലെ, ശിഷ്യന്മാരെ ഏവരേയും സ്റ്റുഡിയോക്ക് പുറത്തേയ്ക്ക് പറഞ്ഞുവിട്ട്, ദേവരാജനും കണ്ണടച്ച് കരഞ്ഞുതീര്‍ക്കുകയായിരുന്നു! ‘കൂട്ടുകാരാ…, തെറ്റ് ആരുടെ പക്ഷത്താണെങ്കിലും നമ്മള്‍ പിണങ്ങിയതുകൊണ്ട് നഷ്ടം നമ്മള്‍ക്കായിരുന്നു. നമ്മള്‍ നേടേണ്ടിയിരുന്ന ആനന്ദം മാത്രം നഷ്ടം! അതില്‍ നിന്നും ഉരുവമാകേണ്ടിയിരുന്ന അനേകഗാനങ്ങള്‍ നഷ്ടം!’