‘രാജന് പ്രാന്താണ്. അയാള് പറയണത് ശ്രദ്ധിക്കണ്ട’ എന്ന്, ജയനും ‘രാജേട്ടാ…, നിങ്ങള് പറയണതൊന്നും നിങ്ങക്കല്ലാതെ മറ്റാര്‍ക്കും മനസ്സിലാവ്ണ്ല്ല്യാട്ടോ….’ എന്ന്, കണ്ണനും ‘രാജനിന്ന് ഫോമിലാണല്ലോ!’ എന്ന്, പ്രസാദും തരംപോലെ ഉറക്കെയും പതുക്കെയും പറഞ്ഞു.
വിഷ്ണു ആലോചിച്ചു. കിട്ടി! പാട്ട് കിട്ടി.
എന്നെ വീണ്ടും രോമാഞ്ചപ്പെടുത്തിക്കൊണ്ട്, അതേ സുന്ദരി വീണ്ടും ജാലകവിരി മാടിമാറ്റി, അളകങ്ങള്‍ ഒതുക്കി കടന്നുവരുന്നത്; വിഷ്ണുവിലൂടെ.
“നീയെത്ര ധന്യയിലെ, അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍ ഒരു മാത്ര വെറുതേ നിനച്ചു പോയി.”
രാജന്‍ നിസ്സംഗനായി പറഞ്ഞുതുടങ്ങി.
“സിനിമയില്‍ മുരളിയും കാര്‍ത്തികയും അവടേം ഇവടേം ഒക്കെ നില്‍ക്കുന്ന സീനുകളാണ്. മിക്കവാറും ലൈബ്രറി. പിന്നെ സ്റ്റെപ്പിറങ്ങി ഓടുന്നു…. അതൊന്നും കാണിക്കാന്‍ ഈ വരികള്‍തന്നെ വേണമെന്നില്ല.”
“പിന്നെ…?” നിശ്ശബ്ദനായിരുന്ന ബെനറ്റ് ചോദിച്ചു.
‘അതായത് ഏത് വരിക്കും ഈ വിഷ്വല്‍സ് കാണിക്കാം. ഇതെന്നല്ല; ഏത് പാട്ടിനും ഏത് വിഷ്വല്‍സും കാണിക്കാം. പക്ഷേ, ഈ വരികള്‍തന്നെ ആവശ്യമുള്ള ഒരാളും; ഈ ഈണംതന്നെ ആവശ്യമുള്ള ഒരാളും ഉണ്ട്. അവര്‍ തമ്മിലുള്ള; തീര്‍ത്തും സ്വകാര്യമായ സങ്കടംപറച്ചിലാണ് ആ വരികള്‍.”
സ്വതവേ നിശ്ശബ്ദനായ വരുണ്‍ അന്തംവിട്ടു. വിഷ്ണു, രാജനെ എതിര്‍ക്കാന്‍ തയ്യാറായി.
“അതായത്….? മനസ്സിലായില്ല.”
“അതായത്…. ദേവരാജനും ഓ.എന്‍.വിയും കെ.പി.ഏ.സീ കാലഘട്ടം മുതല്‍, ഒരുമിച്ച്, ഒരുപാട് ഗംഭീരഗാനങ്ങല്‍ ഉണ്ടാക്കിയിട്ടുണ്ട്. ശരിയല്ലേ…?”
“ഉവ്വ്…”
“ഇവര്‍ രണ്ടുപേരും ഒരുമിച്ചാല്‍ കലയുടെ ഇന്ദ്രജാലം സംഭവിക്കും എന്ന് ആസ്വാദകലോകം അനുഭവിച്ചറിഞ്ഞതാണ്. എന്നാല്‍, ഏതോ ചില കുബുദ്ധികളുടെ കുത്തിത്തിരുപ്പുമൂലം, പാട്ടുകളുടെ ഈ യാത്രയില്‍, ഓ.എന്‍.വിയും ദേവരാജനും ഇടക്കാലത്ത് പിണങ്ങിപ്പിരിഞ്ഞു. ദേവരാജനെ സ്വന്തം സംഗീതജ്ഞനായി കിട്ടാനോ…, ഓ.എന്‍.വി.യെ തന്റെ പാട്ടുകള്‍ക്ക് എഴുതാന്‍ സ്ഥിരമായി കിട്ടാനോ ഒക്കെ, ആരോ കളിച്ച വൃത്തികെട്ട കളികള്‍. സിനിമാലോകത്തെ സ്ഥിരം പരിപാടി. ലോഹിതദാസും സിബിമലയിലും പിരിഞ്ഞതുപോലെ ഒരു തെറ്റിപ്പിരിയല്‍.
രാജന്‍ പൂത്തറയ്ക്കല്‍ പറയുന്ന കാര്യങ്ങളുടെ വ്യക്തതയിലും; ഒട്ടും വികാരം ചേര്‍ക്കാതെ പറയുന്ന രീതിയിലും, സദസ്സ് നിശ്ശബ്ദമായി. ഇടയ്ക്കിടെ കൊറിയന്‍ വാദ്യോപകരണത്തില്‍ തട്ടി ശബ്ദമുണ്ടാക്കി, സദസ്സില്‍ അലോസരമുണ്ടാക്കിയ ജയന്‍പോലും നിശ്ശബ്ദനായി രാജനെ കേട്ട്, ബീര്‍ കുടിച്ചുകൊണ്ടിരുന്നു.