“അവരേം കൂട്ടി ഇന്നിവടെ കൂടാം. എഴ്ത്തിലും ചര്‍ച്ചയിലുമൊന്നുമല്ലെങ്കില്‍ വരൂ.”
പ്രസാദിന്റെ; കരുതല്‍ മുന്നില്‍വെച്ച സ്‌നേഹം.
“അല്ലാ…, വെറുതെ ചര്‍ച്ച മതിയെങ്കില്‍ പൂത്തറയ്ക്കലുണ്ടാവും ഇവിടെ. രാജനേയ്. മൂപ്പരോട് പിന്നെ എന്തും ചര്‍ച്ച ചെയ്യാം.!”
പൊട്ടിച്ചിരിച്ചുകൊണ്ടവസാനിപ്പിച്ചു ഫോണ്‍ സംഭാഷണം.
അങ്ങനെ, ഈ ക്ഷണം സ്വീകരിച്ചാണ് ഞങ്ങള്‍ പ്രസാദിന്റെ റൂമിലെത്തുന്നത്.
കുടിക്കേണ്ടവര്‍ക്ക് കുടിക്കാം എന്ന മട്ടില്‍, കുപ്പികളും ഗ്ലാസ്സുകളും ഇരിപ്പുണ്ട്. വലിക്കേണ്ടവര്‍ക്ക് വലിക്കാം എന്ന മട്ടില്‍, ബീഡിയും പലതരം സിഗററ്റുകളും. റൂമില്‍, കണ്ണനും രാജനും ജയനും പ്രസാദിനുമൊപ്പം ചില കൊറിയന്‍ ഗഡാഗഡിയന്‍ വാദ്യോപകരണങ്ങളുമുണ്ട്.
രാജന്റെ അടുക്കളസാഹസികത രുചിച്ചിരിക്കുമ്പോഴാണ് കണ്ണന്റെ ചോദ്യം.
‘പ്രിയേട്ടന്റെ പുതിയ പടത്തിന്റെ പാട്ട് കണ്ട്വോ? അശ്വഘോഷാണ് ക്യാമറ.’
“ഞാങ്കണ്ടു. സംഗതി രസണ്ട്. പക്ഷേ…, ലിറിക്‌സ് സിറ്റ്വേഷനുമായങ്ങോട്ട് ചേരാത്തപോലെ തോന്നി” വിഷ്ണു മറുപടി പറഞ്ഞു.
രാജന്‍ പൂത്തറയ്ക്കല്‍, വിഷ്ണുവിനെ ഒന്നുനോക്കി. വിഷ്ണു, ഒരു ചിരി തിരിച്ചും കൊടുത്തു.
രാജന്‍ ചോദിച്ചു.
“വിഷ്ണു… ചെയ്ത പടം ഏതായിരുന്നു? ഇടയ്ക്ക് ഷൂട്ട് മുടങ്ങിപ്പോയത്…?”
“അതില് രാജേട്ടനുണ്ടായിരുന്നില്ലേ… അടൂരും തോപ്പിലും.”
“അടൂരും തോപ്പിലും അല്ലാതൊരു ഭാസിയില്‍ എല്ലാ പാട്ടും സിറ്റ്വേഷന് യോജിച്ചതായിരുന്നോ?” രാജന്റെ ചോദ്യം.
“അതില്‍…., പാട്ടിലേയ്‌ക്കൊക്കെ എത്തുംമുന്‍പ് നിന്നുപോയില്ലേ..”
“വിഷ്ണൂ.., സിനിമയിലെ ഒരു പാട്ടും ഒരു സിറ്റ്വേഷന് വേണ്ടി എഴുതുന്നതല്ല. അതൊക്കെ ചുമ്മാ പറയുന്നതാ. ഏത് പാട്ടിലെയും ഒരുവരിയും സിനിമയ്ക്ക് യോജിച്ചതുമല്ല.”
രാജന്‍ സാത്വികഭാവത്തില്‍ ചര്‍ച്ചയിലേയ്ക്ക് കടന്നു.
“അങ്ങനെ പറയാന്‍ പറ്റ്വോ….!? ഒരു സിറ്റ്വേഷന് പറ്റിയ പാട്ടുകള്‍ എഴുതാന്‍വേണ്ടിയല്ലേ ഗാനരചയിതാവിനോട് പറയുന്നത്.” വിഷ്ണു തര്‍ക്കിച്ചു.
‘ഞാന്‍ സംവിധായകനാണെങ്കില്‍; എന്റെ പടത്തില്‍, സന്ദര്‍ഭത്തിനനുസരിച്ച പാട്ടായിരിക്കും’ എന്ന് വ്യംഗ്യം.
“നീയൊരു പാട്ട് പറ. ഏതു പാട്ടും പറഞ്ഞോ. അത് ആ സിനിമയ്ക്ക് വേണ്ടി എഴുതിയതല്ല എന്ന് ഞാന്‍ തെളിയിക്കാം.” രാജന്‍ സൗമ്യമായി വെല്ലുവിളിച്ചു.