ഞാന്‍ ഒന്ന് തപ്പി. മനസ്സിന്റെ നാലുമൂലയിലും തലച്ചോറിന്റെ ഇടനാഴികളിലുമൊക്കെ ഓടിനടന്ന് തിരഞ്ഞു. കിട്ടുന്നില്ല. അഞ്ജുവും അര്‍ത്ഥം തപ്പാന്‍ സഹായിക്കുന്നുണ്ട്. ‘നിന്നെ നഷ്ടമായി. ഞാന്‍ ഒറ്റപ്പെട്ടു. നിന്നെ കളഞ്ഞുപോയി’ തുടങ്ങിയ; തെലുങ്ക്സിനിമ മലയാളത്തിലാക്കി, ചാനല്‍ കാണിക്കുന്നപോലെയുള്ള പരിഭാഷകളാണ് വരുന്നത്.
“തോറ്റു. അറിയില്ല. എന്താണ് പറയൂ…”
രാധാകൃഷ്ണന്‍ പറഞ്ഞു.
“ഓ.എന്‍.വി സാര്‍ അതൊരു പാട്ടാക്കി എഴുതിയിട്ടുണ്ട്. ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍’ എന്ന്”
വീണ്ടുമവള്‍! പരിഷ്‌ക്കാരികളുടെ ഇടയ്ക്ക്, ‘മുട്ടാമെങ്കില്‍ മുട്ടിക്കോ!’ എന്ന വെല്ലുവിളിയുമായി, അതേ സുന്ദരി!
വീണതു വിദ്യയാക്കുന്ന ജോക്കികള്‍, അത്, അന്നത്തെ കോളേഴ്‌സ് ക്വസ്റ്റ്യന്‍ ആക്കി. ശ്രോതാക്കളോട് ചോദിച്ചു. ‘മിസ് യൂ ഡാ…’ എന്നതിന്റെ കൃത്യം മലയാളം പറയുന്നവര്‍ക്ക് സമ്മാനം! “ബിരിയാണി വേണ്ടവര്‍ക്ക് അത്…, സിനിമാടിക്കറ്റ് വേണ്ടവര്‍ക്ക് അത്…, ടീഷര്‍ട്ട് വേണ്ടവര്‍ക്ക് അത്…!” പൊലിപ്പിച്ച് പൊലിപ്പിച്ച് ആ ചോദ്യം മൂന്നു മണിക്കൂര്‍ നീട്ടിക്കൊണ്ടുപോയി. ആരും ശരിയുത്തരം പറഞ്ഞില്ല. ചോദ്യം ചോദിക്കുന്നതിന് മുന്‍പുതന്നെ; ചോദ്യവും ഉത്തരവും, ‘നോ അഡ്മിഷന്‍’ എന്നു പറഞ്ഞ്, FM മാനേജ്‌മെന്റ്, പ്ലേ ലിസ്റ്റില്‍നിന്നും പുറത്തുനിര്‍ത്തിയ എന്റെ സുന്ദരിയേയുംകൊണ്ട്, കടന്നുവന്ന് ഞെട്ടിച്ച രാധാകൃഷ്ണന് സമ്മാനം നല്‍കിക്കൊണ്ടായിരുന്നു അന്നത്തെ, ‘ജയ്, അഞ്ജു പ്രോഗ്രാം’ നിര്‍ത്തുന്നത്. ‘മിസ് യൂ ഡാ’ എന്ന പ്രയോഗത്തിന്റെ കൃത്യ മലയാളം, ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍….’
വീണ്ടും ജീവിതത്തിലെ യാത്രകള്‍ തുടരുകയാണ്. കോളേജിലെ ജയിംസ് – രജനി കൂട്ടുകാരുടെ മോന്‍, സഹ്യന്‍, കീ ബോര്‍ഡില്‍ വായിച്ചും; വാട്‌സ് ആപ് ചലച്ചിത്രഗാന ഗ്രൂപ്പുകളിലൂടെ പലരുമാവശ്യപ്പെട്ടും; നിത്യയൗവ്വനം പേറി, അവള്‍, ഇടയ്ക്കിടെ മുന്നിലെത്തി; കവിള്‍ തലോടിക്കടന്നുപോയി.
“ഇവിടെ…. ഇപ്പൊ, കൊറേ പേര്ണ്ട്. ജയപ്രകാശ് കുളൂരും സുനില്‍ സുഗതയും സ്‌നേഹയും ശ്രീകുമാറും ഒക്കെണ്ട്. ഇവരൊക്കെ ഇന്നുച്ചയ്ക്ക് മടങ്ങും. നാടകറിഹേഴ്‌സലായിരുന്നു. ഉച്ചകഴിഞ്ഞ് റൂമിലേയ്ക്ക് വാ. രാജനും കണ്ണനും; ചെലപ്പൊ ജയനും കാണും.” കൊറിയന്‍ പ്രസാദ് എന്നറിയപ്പെടുന്ന പ്രസാദിന്റെ ഫോണാണ്.
“എന്റെ കൂടെ വിഷ്ണു, വരുണ്‍, ബെനറ്റ്… ഒക്കെ ഉണ്ട്.” ഞാനും സംഘത്തെ മുന്നില്‍ നിര്‍ത്തി.