അവിടെനിന്നും പിന്നെ എന്റെ യാത്ര, തൃശ്ശൂരിലെ ഒരു എഫ്.എം. റേഡിയോയിലെ റേഡിയോ ജോക്കി ആയിട്ടായിരുന്നു. പുതിയ തലമുറയുടെ പാട്ടുകളില്‍ ഈ, ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍’ എന്ന പാട്ട് ഇല്ല എന്നായിരുന്നു; മാര്‍ക്കറ്റിലിറങ്ങിയും ഇറങ്ങാതെയും കച്ചവടതന്ത്രങ്ങള്‍ പയറ്റി, പാട്ട് വില്‍ക്കാനിറങ്ങിയ പണ്ഡിതര്‍ അഭിപ്രായപ്പെട്ടത്. ജീന്‍സും ടീഷര്‍ട്ടുമിട്ട് പ്രസരിപ്പോടെ പെട്ടെന്ന് കടന്നുവന്ന്, അധികമേക്കപ്പിനാല്‍ വളരെ പെട്ടെന്ന് അകാലവാര്‍ദ്ധക്യം ബാധിച്ച പുത്തന്‍ പാട്ടുകളുടെ ആധുനിക സുന്ദരികള്‍ കണ്‍സോളിനിപ്പുറവും അപ്പുറവും തരംഗങ്ങളാവാന്‍ വൃഥാ ശ്രമിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം ഇളംചിരിയോടെ, ‘എന്നും പതിനേഴ് എനിക്കാണല്ലോ!’ എന്ന കള്ളച്ചിരിയോടെ, ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍….’ എന്റെ കാറില്‍മാത്രം കേള്‍ക്കുന്ന പാട്ടായി കൂട്ടുതന്നു.
എന്റെ കോ-ജോക്ക് ആയിരുന്ന അഞ്ജു അവധിയെടുത്തതിന്റെ പിറ്റേന്നത്തെ പ്രോഗ്രാമാണ്. തലേന്ന് അഞ്ജു ഇല്ലാതെ ഒറ്റയ്ക്ക് പ്രോഗ്രാം ചെയ്യേണ്ടിവന്നതിന്റെ ചടപ്പും ദേഷ്യവും എനിക്ക് ഉള്ളില്‍ ഉണ്ട്. ഞങ്ങളുടെ പ്രോഗ്രാമിന്റെ ആരാധകര്‍ക്ക് ഞാന്‍ മോശമായി പ്രോഗ്രാം ചെയ്തതിന്റെ ദേഷ്യമുണ്ട്. അത് അവര്‍ തലേന്നുതന്നെ ഫോണ്‍ വിളിച്ച് പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ അഞ്ജു തിരിച്ചുവന്നിരിക്കുന്നു. സമാധാനമുണ്ട്. ഞാന്‍ RJ മൈക്കില്‍ പ്രോഗ്രാം ആരംഭിച്ചു. പ്രോഗ്രാം ഓണ്‍ എയര്‍.
“ഇന്നലെ എവിടെയായിരുന്നു അഞ്ജൂ…, റിയലി മിസ് യൂ ഡാ….”
ജീവിതത്തിലൊരാളോടും ഇങ്ങനെ പറയാത്ത ഞാന്‍ തട്ടിവിട്ട ഈ ‘മിസ് യൂ ഡാ’ യ്ക്ക് അഞ്ജു കട്ടയ്ക്ക് മറുപടി തരുന്നുണ്ട്. അങ്ങനെ, തലേന്ന് ബോറായിപ്പോയ പ്രോഗ്രാമിനെ പൂര്‍വ്വാധികം ഗംഭീരമാക്കി തിരിച്ചുപിടിച്ച്, ആദ്യത്തെ ലിങ്ക് പറഞ്ഞവസാനിപ്പിച്ച്, പാട്ട് പ്ലേ ചെയ്തതും സ്റ്റുഡിയോയിലെ ഫോണ്‍ മിന്നിത്തുടങ്ങി. എല്ലാ ലൈനും ബിസിയാണ്!
“ഏതെടുക്കും…!?”
അഞ്ജു, “അത്തള പിത്തള തവളാച്ചി” എണ്ണി, ഏതോ ഒരു ലൈന്‍ എടുത്തു.
“ജയ്‌യ്ക്ക് കൊടുക്കൂ….” എന്നാണ് അപ്പുറത്തുള്ള ആള്‍ പറയുന്നത്.
“മ്മളോടൊന്നും സംസാരിച്ചാല്‍ പറ്റൂല! ഞാനൊക്കെ ഏഴംകൂലി! ദാ കൊടുക്കാം” എന്നു തമാശ പറഞ്ഞ്, അഞ്ജു, ഫോണ്‍ എനിക്കുനേരെ നീട്ടി. ഞാന്‍ ഏറ്റുവാങ്ങിയ ഫോണില്‍, അപ്പുറം രാധാകൃഷ്ണനാണ്. മണ്ണുത്തി അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയിലാണ് ശ്രീ രാധാകൃഷ്ണന്‍ ജോലി ചെയ്യുന്നത്. മിക്കവാറും ദിവസങ്ങളില്‍ രാധാകൃഷ്ണന്‍ ഞങ്ങളെ, പ്രോഗ്രാമിനിടയ്ക്ക് വിളിക്കാറുണ്ട്.
“രാധാകൃഷ്ണന്‍…, എന്തൊക്കെ…!?” ഞാന്‍ സംസാരിച്ചു തുടങ്ങി.
“ജയ്…, ജയ് ഇപ്പൊ പറഞ്ഞ ‘മിസ് യൂ ഡാ…!’ എന്നതിന്റെ മലയാളം എന്താണെന്നറിയാമോ…!?”