ചെറിയമ്മ ഉദ്ദേശിച്ചതെന്താണെന്നറിയാതെ ഞാനും ഏട്ടനും ചെറിയമ്മയുടെ മോനും ചെറിയമ്മയെ നോക്കി.
“അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ഒരു മാത്ര വെറുതെ നിനച്ചുപോയി.”
യേശുദാസ് ലയിച്ച് പാടിയ ഈ വരികളെ, പെറുക്കിപ്പെറുക്കി, വര്‍ത്തമാനം പറയുന്ന പോലെയാക്കിപ്പറഞ്ഞ്, ചെറിയമ്മ അടുക്കളയിലേക്ക് പോയി. സംഗതി ശരിയാണ്! ഇത് കവിതയല്ല എഴുതിവെച്ചിരിക്കുന്നത്. കഥയാണ്. പക്ഷേ, പാടിവന്നപ്പോള്‍ എന്തൊരു ഭംഗി! ആ പാട്ടെന്ന പ്രണയിനിയോടുള്ള പ്രേമം ഒന്നുകൂടി കൂടുന്നത് അന്നാണ്.
പിന്നീട് പലപ്പോഴും; പല ഘട്ടങ്ങളിലും, ‘ഞാന്‍ ഇവിടെയുണ്ട്’ എന്ന് ഓര്‍മ്മിപ്പിച്ച്, ബസ്സിലും കൂട്ടുകാരുടെ കാറിലും ഉത്സവങ്ങളിലെ ഗാനമേളകളിലും ആകാശവാണിയിലെ ചലച്ചിത്രഗാനപരിപാടിയിലും ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍’ എന്നെ തേടിവന്നു. മാറ്റിനീ ഷോയ്ക്കായി, സിനിമയ്ക്ക് മുന്‍പ് ടാക്കീസില്‍ കയറി ഇരിക്കുന്ന സമയത്തും; പാട്ട്പ്രാന്തനായ സിദ്ധാര്‍ത്ഥന്റെ ഓട്ടോറിക്ഷയില്‍, വണ്ടി ഓടിക്കാന്‍ പഠിക്കാനായി ഡീസലടിച്ച് പാലക്കാട് സിനിമയ്ക്ക് പോകുമ്പോഴും, പ്രിയകൂട്ടുകാരന്‍ ശശി നല്ല മൂഡിലായിരിക്കുമ്പോള്‍ പുഴമണലില്‍ ഇരുന്ന് അവന്‍ പാടിക്കേട്ടും ഈ പാട്ട് എന്റെ വളവുതിരിവുകളില്‍ തീക്ഷ്ണപ്രണയമായി കൂടെനിന്നു. ആരും പാടാതെതന്നെ, മുറ്റത്തെ ചെമ്പകം പൂത്ത് മണം വന്നപ്പോഴും; രാത്രിയില്‍ മഴ പെയ്ത് തോരുമ്പോഴും അവള്‍, നനുത്ത വിരലാല്‍ കവിള്‍ തലോടി ഓടിമറഞ്ഞു.
വെറുമൊരു ആസ്വാദനത്തിനപ്പുറത്തേയ്ക്ക് പിന്നെ ഈ പാട്ട് കടന്നുവരുന്നത്, ഞാന്‍ തൃശ്ശൂര്‍ ആകാശവാണിയില്‍ കാഷ്വല്‍ അനൗണ്‍സറായി ജോലി ചെയ്യുമ്പോഴാണ്. അപ്രതീക്ഷിതമായി ആകാശവാണിക്ക് ഒരു വിശിഷ്ടാതിഥിയെ അഭിമുഖം നടത്താന്‍ കിട്ടുന്നു. എസ്.നാരായണന്‍. നമ്പൂതിരിയാണ് അഭിമുഖം നടത്തുന്നത്. എനിക്ക് റെക്കോഡിങ്ങിന്റെ ചുമതല. പഴയ പരിചയം പുതുക്കാന്‍ എം.തങ്കമണിയും ടി.കെ.മനോജനും അനിതാവര്‍മ്മയും സ്റ്റുഡിയോയില്‍ വന്നുപോയി. മൈക്കിനുമുന്നില്‍ ഇരിക്കുന്നത് എം.ജി.രാധാകൃഷ്ണനാണ്! രണ്ട് മണിക്കൂറോളം നീണ്ട ആ സംസാരവേളയില്‍, അദ്ദേഹം, ‘മൗനമേ നിറയും മൗനമേ…’ എന്ന ഗാനം മനോഹരമായി പാടുകയും ചെയ്തു. ഇവിടെവെച്ച്, ദേവരാജന്‍മാസ്റ്ററുടേയും ദക്ഷിണാമൂര്‍ത്തിസ്വാമിയുടേയും രാഘവന്‍മാസ്റ്ററുടേയും പാട്ടുകളുടെ പ്രത്യേകതകള്‍ ഓര്‍മ്മിച്ചെടുക്കുകയാണ് ശ്രീ.എം.ജി.രാധാകൃഷ്ണന്‍. അപ്രതീക്ഷിതമായി എന്നെ നോക്കി, ആരും കാണാതെ ഒന്നു കണ്ണിറുക്കിക്കാണിച്ച്, ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍’ കടന്നുവരുന്നു! ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന നോവല്‍പോലെ, കാലം കഴിയുന്തോറും വൃദ്ധയാവുന്നതിനു പകരം; പതിനെട്ടിന്റെ താരുണ്യത്തില്‍ നിറഞ്ഞുനില്‍ക്കുന്ന സുന്ദരിയായി വീണ്ടും ‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍!’ എം.ജി.രാധാകൃഷ്ണന്‍ പറഞ്ഞുകൊണ്ടിരുന്നു.