അക്ഷരങ്ങളിലൂടെ മാത്രം എന്നെ കാണുക
Jayaraj Mithra
വിഭാഗങ്ങൾ
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍….
December 31, 2020 2315 6 Comments

‘അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍…’ എന്ന്, ചില സമയങ്ങളില്‍ ഒരിക്കലെങ്കിലും ആലോചിക്കാത്ത ആരുംതന്നെ ഈ ലോകത്തുണ്ടാകില്ല. 

ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ്. ചില ഇഷ്ടക്കാരും അങ്ങനെയാണ്. എന്താണ് ആ ഇഷ്ടത്തിന്റെ കാര്യം എന്ന് ചോദിച്ചാല്‍ ചിലപ്പോള്‍ ഉത്തരം കിട്ടിക്കോളണമെന്നില്ല. 

ഇത്തരം ഇഷ്ടങ്ങളും ഇഷ്ടക്കാരും ഇടയ്‌ക്കൊക്കെ ജീവിതത്തില്‍ അപ്രതീക്ഷിതമായി കടന്നുവന്ന്, ആ ഇഷ്ടമൊന്ന് പുതുക്കിപ്പോകും.

അത്തരമൊരിഷ്ടമാണ്, ‘നീയെത്ര ധന്യ’ എന്ന ചിത്രത്തില്‍, ഓ.എന്‍.വി.കുറുപ്പ് എഴുതി, ദേവരാജന്‍ ഈണമിട്ട്, യേശുദാസ് പാടിയ; ‘അരികില്‍ നീയുണ്ടായിരുന്നെങ്കില്‍….’ എന്ന പാട്ടിനോടുമുള്ളത്. ഈ പാട്ട് ഏതൊക്കെ സന്ദര്‍ഭങ്ങളിലാണ് എന്നെ തോണ്ടിവിളിച്ച്, ആ അടുപ്പവും ഇഷ്ടവും ഊട്ടിയുറപ്പിച്ച് പോയിട്ടുള്ളതെന്ന് ഓര്‍ക്കുന്നതുതന്നെ ഒരിഷ്ടമുള്ള ഏര്‍പ്പാടാണ്. 

ജേസി സംവിധാനം ചെയ്ത, ‘നീയെത്ര ധന്യ’ എന്ന; മുരളിയും കാര്‍ത്തികയും പ്രധാന വേഷങ്ങളിലഭിനയിച്ച ഈ സിനിമ; സിനിമയാകുന്നതിനുംമുന്‍പ്, നോവല്‍രൂപത്തില്‍ വായിച്ചവരായിരുന്നു എന്റെ അമ്മയും ചെറിയമ്മയും. ഇരുവരും, പണ്ടത്തെ മലയാളം പണ്ഡിറ്റ് പാസായ; ഹൈസ്‌ക്കൂള്‍ വിഭാഗത്തിലെ മലയാളം അദ്ധ്യാപകര്‍. കാഴ്ചയിലും സ്വഭാവത്തിലും ഇഷ്ടാനിഷ്ടങ്ങളിലും അറിവിലുമൊക്കെ ഇരട്ടപെറ്റവരേപ്പോലുള്ള രണ്ടുപേര്‍.

പണ്ടത്തെ പത്താംക്ലാസ് പരീക്ഷകഴിഞ്ഞുള്ള ഒരു പേപ്പര്‍ വാല്വേഷന്‍ കാലത്താണ് ‘നീയെത്ര ധന്യ’ തിയേറ്ററുകളിലെത്തുന്നത് എന്നാണ് എന്റെ ഓര്‍മ്മ. പേപ്പര്‍ വാല്വേഷന്‍ ക്യാമ്പിനിടയിലെ ഒഴിവില്‍, അമ്മയും ചെറിയമ്മയും തിയേറ്ററില്‍ ചെന്ന് ഈ ചിത്രം കണ്ട്, സിനിമയേപ്പറ്റി കൂലംകഷമായി നിരൂപണം നടത്തുന്നത് ഞാനും ഏട്ടനും കാണുകയും കേള്‍ക്കുകയും ചെയ്തു. ഏതൊരു സാഹിത്യകുതുകിയും എന്നും പറയുന്നപോലെത്തന്നെ…, ‘ആ നോവലിനെ നശിപ്പിച്ചു’ എന്നുതന്നെയായിരുന്നു ഇരുവര്‍ക്കും സിനിമയേപ്പറ്റിയുള്ള അഭിപ്രായം. എന്നാല്‍, ഓ.എന്‍.വി. എഴുതിയ കവിതയും പാട്ടുകളും നന്നായിട്ടുണ്ട് എന്നും അഭിപ്രായമുണ്ട്. ഈ, കനപ്പെട്ടതും വിശ്വസിക്കാവുന്നതുമായ അഭിപ്രായം കേട്ടാണ് ഞാനും സുനിലേട്ടനും കൂടി ചെന്ന്, പഴയന്നൂര്‍ ടൗണിലെ ശ്രീരാം ഇലക്ട്രിക്കല്‍സില്‍ നിന്നും ‘നീയെത്ര ധന്യ’ എന്ന സിനിമയിലെ പാട്ടുകളുടെ കാസറ്റ് വാങ്ങുന്നത്. ‘പയനീര്‍’ എന്ന കമ്പനി അറിഞ്ഞിട്ടുപോലുമില്ലാത്തതും; എന്നാല്‍ ‘പയനീര്‍’ എന്ന ചിഹ്നം കൃത്യമായുള്ളതുമായ മോണോ ടേപ്പ് റെക്കോര്‍ഡറില്‍ കാസറ്റ് ഇട്ട്, തറവാട്ടില്‍വെച്ച് പാട്ടുകള്‍ കേട്ടപ്പോള്‍ അത്, ‘അരികില്‍ നീയുണ്ടായിരുന്നെങ്കില്‍!’ എന്ന പാട്ടിന്റെ ആദ്യത്തെ ആസ്വാദനമാവുകായിരുന്നു. ഈ പാട്ടിനോടുള്ള ആദ്യ പ്രണയം അവിടെ തുടങ്ങുന്നു. പിന്നെ വളരെ അടുത്ത ദിവസം, ഈ കാസറ്റുമായി സൈക്കിളില്‍, മുന്‍പ് പറഞ്ഞ ചെറിയമ്മയുടെ വീട്ടിലേയ്ക്ക് ചെല്ലുന്നു. അവിടെയുള്ള സോണിസെറ്റില്‍ – ഇത് ശരിക്കും സോണിയാണ്. മോണോയേക്കാള്‍ ഒരു പടി മേലെ. സ്റ്റീരിയോ ആണ് – പാട്ടു കേള്‍ക്കുമ്പോള്‍ ചെറിയമ്മ പുതിയൊരഭിപ്രായം പറയുന്നു. ‘അരില്‍ നീയുണ്ടായിരുന്നെങ്കില്‍’ എന്ന പാട്ട് വെച്ചപ്പോഴാണ് അഭിപ്രായം. “ഇത് പാട്ടാണോ അതോ വര്‍ത്തമാനം പറയലാണോ!” 

Leave a Comment

6 comments on “അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍….”
  • Suja Jan 24, 2021 · 10:32 PM
    🙏❤️👌
  • omana vasudevan Jan 14, 2021 · 09:20 PM
    മനോഹരമായ ഈ ഗാനത്തിൻ്റെ അണിയറ രഹസ്യം പറഞ്ഞു തന്നതും മനോഹരമായിരിക്കുന്നു.
  • Shibu Jan 4, 2021 · 09:05 PM
    നല്ല പാട്ടും അതിന്റെ background ഉം അറിയാൻ കഴിഞ്ഞതിൽ സന്തോഷം.. വളരെ നന്നായിട്ടുണ്ട്
    • ജയരാജ് മിത്ര Feb 17, 2021 · 10:36 PM
      ഇതിഹാസ തുല്യർ തൊട്ടു തലോടിപ്പോയ കലാസൃഷ്ടികളേപ്പറ്റി എത്ര പറഞ്ഞാലും മതിയാകില്ല.
Share This Post
Post Author
Post Author
ജയരാജ് മിത്ര മലയാളം എഴുത്തുകാരനാണ്. സാഹിത്യരംഗവും സിനിമാരംഗവും പ്രധാന പ്രവർത്തനമേഖലകൾ. തന്റെ ഔദ്യോഗിക ജീവിതം തുടങ്ങുന്നത് കൊങ്കൺ റെയിൽവേയിൽ ലോക്കോ പൈലറ്റ് ആയിട്ടാണ്. ഇത്, പല സ്ഥലത്തും യാത്ര ചെയ്യാനും പലതരം അനുഭവങ്ങൾ സ്വായത്തമാക്കാനുംമാത്രം ഉപയോഗിച്ച്, ഈ ജോലി ഉപേക്ഷിച്ച്, ആകാശവാണിയിലും എഫ് എം റേഡിയോയിലും ടെലിവിഷൻ ചാനലിലുമെല്ലാം ജോലി ചെയ്തശേഷം; മുഴുവൻ-സമയ സാഹിത്യ-സിനിമാ പ്രവർത്തനങ്ങളിൽ മുഴുകിയിരിക്കുകയാണ്.