മടുപ്പിന്റെ അകലമെന്നോ
ഇഷ്ടത്തിന്റെ അടുപ്പമെന്നോ
എന്താണ് വിളിക്കേണ്ടത് … !!?
പ്രണയകാലത്ത്,
തോളില്‍ കയ്യിട്ട്…..,
അരയ്ക്ക് കൈചുറ്റിച്ചേര്‍ത്തു പിടിച്ച്.
പിന്നെ,
കൈ കോര്‍ത്തായി നടത്തം.
ഇരുത്തം,
പാര്‍ക്കിലായാലും
പായും ബസ്സിലായാലും
ചേര്‍ന്നുതന്നെ.
ബസ്സില്‍,
ഇരുസീറ്റുകള്‍ തിരയും മുന്‍പ്,
വാങ്ങാനൊത്തൊരു വാഹനം.
ഇപ്പോള്‍,
ഇരുവരുമിരിക്കുമിരിപ്പിടങ്ങള്‍ക്കിടയിലൊരിടവും.
ഇടയ്‌ക്കെപ്പോഴോ
ഇരുവരും
വിശാലമായി
കൈവീശിയാഞ്ഞു നടന്നുതുടങ്ങി.
വല്ലാത്തൊരിഷ്ടം കൊണ്ടാവണം
പരസ്പരം ദേഹത്ത് കൊള്ളാതിരിക്കാന്‍
ആവശ്യത്തിനകലം പാലിക്കുന്നുണ്ട്;
നടക്കുമ്പോഴും.