ദൈവമില്ലെന്നുറപ്പിച്ച അന്ന് രാത്രി
ദൈവമെന്റെ മുന്നില്‍ പ്രത്യക്ഷനായി,
‘പ്രത്യക്ഷനായി ഭവാന്‍….’
എന്ന പാട്ടോടെ.
‘സ്റ്റോക്ക്മാര്‍ക്കറ്റ് തകരുന്ന പോലെയോ
ലോട്ടറി നിരോധിച്ച പോലെയോ
മദ്യം നിര്‍ത്തലാക്കിയ പോലെയോ
ആകില്ല;
ഞാനില്ലെന്ന് വന്നാല്‍….’
ഭവാന്‍ കാവ്യം വിട്ട്
കാര്യത്തിലേയ്ക്ക് കടന്നു.
‘യത്തീംഖാന, രോഗശാന്തി ശുശ്രൂഷ,
പൂജാ, ജപ, ഹോമ, യാഗാദികള്‍….
നാലാംവേദം, എട്ടാംകൂറ്, മന്ത്രവാദം….
സ്തംഭിച്ചുപോകും –
തൊഴില്‍മേഖലയൊട്ടാകെ….’
എന്നാല്‍പ്പിന്നെ….
ഇരുന്നോട്ടെ ദൈവം എന്ന്
ഒരു മുന്‍ കമ്യൂണിസ്റ്റായ ഞാനും ചിന്തിച്ചു.
‘ഇരിയ്ക്കൂ ദൈവേ…’
സമര്‍പ്പിച്ച കസേരയില്‍
മറ്റാരെങ്കിലുമിരിയ്ക്കും മുന്നേ
ദൈവം ഉപവിഷ്ടനുമായി.