‘പാമ്പോ….!?’ എന്ന് അനൂപ് ചെമ്മാപ്പിള്ളി എന്ന സീനിയര്‍ കോപ്പീറൈറ്റര്‍ മൊബൈല്‍ ഫോണില്‍ ഞെട്ടുന്നത് കേട്ടിട്ടാണ് കഥാകാരന്‍ എത്തിനോക്കിയത്.
ആദ്യം തന്നെ പറയട്ടെ’ ആദ്യത്തെ എത്തിനോക്കല്‍ എന്ന് ഈ പറഞ്ഞതുതന്നെ ഒരു നുണയാണ്. തൃശ്ശൂര്‍ ഈസ്റ്റ്‌ഫോര്‍ട്ടിലെ ചിത്രിക എന്ന കോഫീഷോപ്പില്‍ തന്റെ ജൂനിയര്‍ കോപ്പീറൈറ്റര്‍മാരായ പാര്‍വ്വതിയോടും നിഖിലാ ഡേവിസിനോടും അമിഷാവര്‍മ്മയോടുംകൂടി കാപ്പുച്ചിനോ കുടിച്ചിരിക്കുന്ന അനൂപ് ചെമ്മാപ്പിള്ളിയെ, കഥാകാരന്‍ വളരെ മുമ്പേ എത്തിനോക്കിയതാണ്. ‘പാമ്പോ?!’ എന്ന, അയാളുടെ ഞെട്ടലിന് വീണ്ടും എത്തിനോക്കി എന്നേ പറയാന്‍ പാടൂ സത്യത്തില്‍.
വീണ്ടും കഥാകാരന്‍ നുണ പറയുകയാണ്. ഇതുവരെ എത്തിനോക്കിയതൊന്നും അനൂപ് ചെമ്മാപ്പിള്ളിയെ ആയിരുന്നില്ല എന്നതാണ് സത്യം. ഇങ്ങനെ സുന്ദരിക്കുടുക്കകളായ ഏതാനും ജൂനിയര്‍ കോപ്പീറൈറ്റര്‍മാര്‍ കൂടെയുണ്ടെങ്കില്‍ ഏത് സീനിയര്‍ കോപ്പീറൈറ്റര്‍ക്കും ക്രിയേറ്റീവ് ആകാന്‍ കഴിയും എന്ന് ഓര്‍ത്ത്, ആ സുന്ദരിക്കുട്ടികളെ ആയിരുന്നു കഥാകാരന്‍ ആദ്യംതൊട്ട് അവസാനത്തേതിന് തൊട്ടുമുന്‍പുവരെ എത്തിനോക്കിയത്.
പാമ്പ് എവിടെയാണെന്ന് ചെമ്മാപ്പിള്ളിയുടെ ഭാര്യ പറയുന്നുണ്ട്; കേള്‍ക്കാം.
‘മോന്‍ ഫാനിന്റെ സ്വിച്ചിടാന്‍ എണീറ്റപ്പളാണ് എന്തോ എളകണതായി തോന്നീത്. അപ്പൊ അവന്‍, ‘അമ്മേ ബടെ എന്തോ ണ്ട്. ആ ടോര്‍ച്ചൊന്നടിക്കൂ’ ന്ന് പറഞ്ഞപ്പൊ, ഞാന്‍ ടോര്‍ച്ചടിച്ച് നോക്കീതാ… നോക്ക്യേപ്പോ ഒര് പാമ്പിന്റെ കുട്ടി.’
സംഗതി ബെഡ്‌റൂമിലാണ്! തൊട്ടതിനും പിടിച്ചതിനും ലക്ഷണശാസ്ത്രം നോക്കുന്ന അനൂപ് ഇപ്പോള്‍ എന്തായിരിക്കും ആലോചിക്കുന്നുണ്ടാകുക എന്ന് വായനക്കാര്‍ക്ക് ഊഹിക്കാന്‍ പറ്റുമോ….?
ഒന്ന്, രണ്ട്, മൂന്ന് – തോറ്റു. കഥാകാരന്‍തന്നെ പറയാം.
ബെഡ്‌റൂമില്‍ പാമ്പ്. അതും വടക്ക് കെഴക്ക് മൂലയില്‍. ആയില്യം നാളില്‍ പാമ്പിനെ കണ്ടത് രോഹിണി നാളുകാരനായ മോന്‍. ടോര്‍ച്ചടിച്ചു കാണിച്ചുകൊടുത്തത് കാര്‍ത്തിക നാളുകാരിയായ ഭാര്യ… ഏത് പാമ്പാണാവോ…..?
‘ഏതാ പാമ്പ്……? വെള്ളിക്കെട്ടനാ….?’ അയാള്‍ വിളിച്ചു ചോദിക്കുന്നു.
അയാളുടെ ഭാര്യയ്ക്ക് ദേഷ്യം വരുന്നുണ്ട്.