പ്രേമം ഒന്ന്
ഒന്നു മുതൽ വെറും നാല് ക്ലാസ്സുള്ള ‘ഉസ്ക്കൂളിൽ’,
ഉസ്ക്കൂൾ റൗഡിയായ്
രണ്ടിൽ വിലസേ,
‘തടുക്കാമെങ്കിൽ തടുക്കെഡാ / ഡീ ‘ എന്ന കൺനോട്ടേ,
സ്ളേറ്റായ സ്ളേറ്റിലെല്ലാം ഞാനെഴുതും റൗഡിവരയിൽ
ഒഴിവാക്കിയ ഒരേ ഒരു സ്ലേറ്റിന്റെ
ഒരേ ഒരു ഉടമ!
തിരിച്ചറിയുന്നിന്ന്
മക്കളെക്കെട്ടിക്കും പ്രായേ…,
അത് എൻ ‘ആദ്യത്തെ’ ഒന്നാം പ്രേം !
ആഹാ! അദും രണ്ടിൽ…!
ഹോയ് ഹോയ്!!!
പ്രേമം രണ്ട്
അഞ്ചിലെപ്പെൺകുട്ടിക്കെന്നേക്കാളിത്തിരിപ്പൊക്കം കൂടി..
ഛെന്തൊരു കഷ്ഠം!
പാറപ്പുറത്തായുരയ്ക്കും ശബ്ദമെൻ
സുന്ദരിച്ചിരട്ടയ്ക്ക് കണ്ണേറാതിരിക്കുവാൻ !
എന്നാലുമുസ്ക്കൂളിൽ ഞാൻ പ്രേമിക്കാതെങ്ങനോളെ!
എൻ രണ്ടാമത്തെയാദ്യ പ്രേമമുദയം ചെയ്തങ്ങനെ!
വർഷങ്ങൾ കഴിഞ്ഞപ്പോൾ കണ്ടപ്പോളവൾക്കേറെ
വളർച്ച വശങ്ങളിൽ!
ഉയരം…,
എന്റെ പിഞ്ചുമനസ്സു ശപിച്ചപോ –
ലവിടെക്കിടപ്പാണ്..!
പാവമെൻ രണ്ടാം പ്രേമം!
പ്രേമമില്ലാക്കാലം
ആറു തൊട്ടാറിപ്പോയീ പ്രേമം.
ഉസ്ക്കൂളിലെക്ക്ളാസ്സുകൾ മിക്സഡ്ഡല്ല,
കൺകളെക്കാൺമാനില്ല.
അയൽവീടു കളിക്കൂട്ടപ്പെൺകളെ പ്രേമിച്ചാലോ…!?
ശൃംഗത്തിലേറും രസം ശൃംഗാരമുദിച്ചില്ല…!
നാലു കൊല്ലക്കാലമോടിക്കളിച്ചും
പന്തു കാലിൽത്തന്നെയൊട്ടിച്ചുവെച്ചപോൽ തട്ടി നടന്നും,
വായിച്ചുമെഴുത്തേറെക്കുറിച്ചും പ്രേമമന്നടങ്ങിപ്പോയ്.
അങ്ങനെയാദ്യമായെൻ പാവം ദിവ്യമാം മൂന്നാം പ്രേമമുണ്ടാകാതെയും പോയി!
ശരിക്കുമാദ്യ പ്രണയം
മധുരം മനോഹരം മാസ്മര വിദ്യാലയം
മായപോൽ മുഗ്ദ്ധസ്മേരമിടവം പിറന്നപ്പോൾ,
വട്ടമെത്തിപ്പത്തിലേറും മുൻപ്,
നാലു കൊല്ലത്തെ പ്രേമക്ഷാമകാലവും തീർത്തു വന്നെത്തി വട്ടക്കണ്ണി!!!
ചടുലതാളങ്ങളിൽ ചോടുവെച്ചും
ആരോഹണാവരോഹത്തിൽ
പാട്ടു മൂളിയും
ചിരിച്ചും… ചൊടിച്ചും..,
തുടുപ്പേറുന്ന ചൊടികളാൽ
കൊതിച്ചും കൊതിപ്പിച്ചും
ശരിക്കുമാദ്യപ്രേമമാരിയിൽ നനഞ്ഞു ഞാൻ.
വിരഹകാലം
എത്രമേൽ കൊതിച്ചിട്ടും
അത്രമേൽ പുതച്ചിട്ടും
പ്രണയം തിരസ്ക്കൃത വിരഹം വേനൽക്കാലം.
എവിടെത്തിരിഞ്ഞാലുമവളെന്നൊരു മാത്ര..,
എവിടെത്തിരയാനുമവളെന്നൊരേ കാര്യം.
ഒടുവിൽ കരൾ വിരിച്ചൊരുക്കും ശരത്ക്കാല വിരിയും
കരം കൊണ്ടു വകഞ്ഞു മാറ്റി –
ച്ചെറുചിരിയും ചിരിച്ചവൾ മറഞ്ഞു മാറിപ്പോയ
നാൾ മുതൽ കുറേക്കാലം
അവൾ കൺ കുടഞ്ഞിട്ട വിചിത്രവർണ്ണങ്ങൾതൻ ആകാശമായത്തേരിൽ
ആലോലമേറീ ഞാനും.