അത്തം
മധുരമെന്നോണം
നിലാവും നിറചന്തമേറുന്ന പൂക്കളും….
ഓർമ്മകൾ പ്രിയമാർന്നതത്രേ.
കാത്തുവെച്ചോരു ചെപ്പിലെച്ചേലിന്റെയത്രയെത്തുമോ
ഇന്നത്തെയത്തം!?
ചിത്തിര
ഇടവഴിയിലൊരു തുണ്ടു വെയിലോട് ചിന്നിച്ചിണുങ്ങിനിൽക്കും
കൊച്ചുപൂവിനെക്കാറ്റിന്റെ കൈതട്ടിമാറ്റിയെൻ
വിരൽതൊട്ടിറുക്കാതെ, പൂക്കൂട നിറയാതെയെത്രവട്ടം
തിരിച്ചെത്തിയെന്നോ!
ഓണമത്രമേൽ പ്രണയാർദ്ര സൗരഭം
പണ്ടേയ്ക്കുപണ്ടേ.
ചോതി
ഓർമ്മതേൻ ചിരിയുണ്ട് ചുണ്ടിൽ
ചിരാതിന്റെയാലോലനാളമേകും
തിരിച്ചിരിപോലെ പൂന്തേൻനിലാവുമുണ്ട്.
ഓണത്തിനാഘോഷമിതിലേറെയെങ്ങനെ!
വിശാഖം
ഊഞ്ഞാലിലെത്ര നാം ചേർന്നങ്ങിരുന്നിട്ടു-
മിടയിലായിത്തിരിക്കൂടിയുണ്ടിടമെന്ന തോന്നൽ!
അനിഴം
ആൺ:
ചങ്ങാതിക്കൂട്ടങ്ങളാരുമേ കാണാതെ,
നിന്റെ കൈമുത്തുമാ വളപോലുമറിയാതെ
പാവാട ഞൊറിയിലേയ്ക്കന്നു ഞാനൂർത്തതാം കൊച്ചരിപ്പൂ തിരിച്ചെന്നു നൽകും?
പെൺ:
നീ നിന്റെ കണ്ണിനാലന്നുതൊട്ടേ കോരി-
യെത്രയേറെപ്പൂവെടുത്തു മാറ്റി!!
എന്നുമെത്ര വസന്തം നിനക്കു നൽകി!!!
തൃക്കേട്ട
പായസക്കൊതിയാണ് കണ്ണിൽ.
പലവട്ടമോർത്തിട്ടു പറയാതെപോയോരു പായാരവാക്കാണു ചുണ്ടിൽ.
പല നാടു പോയി നാം…
പലപാടു പോയി നാം…
എന്നിട്ടുമിപ്പോഴുമോണമെത്തും നേര-
മതിലൊറ്റവാക്കിന്റെ പറയാപ്പുറത്തു നാം.
മൂലം
ചിങ്ങനാളിലും കാർമേഘമുഖമേറ്റ്
രാവേറുവോളം
കൂരിരുട്ടാണെൻ ജനാലയിൽ.
വേലിയ്ക്കുമപ്പുറം
നീ നിന്റെ ജാലകപ്പഴുതിൽ വന്നെന്നെനോക്കും നേര-
മെത്രനിലാപ്പൂ വെളുപ്പിച്ച ജാലകം!
പാതിരാവിലേ പൂക്കളം തീർത്തു നീ.
പൂരാടം
പൊരിവട്ടി തൂവിയെന്നോണം
കിനാവിന്റെ
ചിരിനിലാമാനത്ത് പൂത്തതെന്നോണം.
ഉത്രാടം
ചെറുചിരിത്തോപ്പുണ്ട് ചുണ്ടിൽ,
പൂക്കൂടയൊന്നാകെ തട്ടിമറിച്ചപോൽ പൂക്കളം തീർപ്പുണ്ട് കവിളിൽ.
ഉത്രാടരാവിൽ നിൻ മുറ്റത്തു നീ നിൽക്കുമൊറ്റനേർകാഴ്ചയിൽ തിരുവോണമായെനിയ്ക്കിപ്പൊഴേ.
തിരുവോണം
ഓർത്താലുമോർക്കാതിരുന്നാലു-
മറിയാതെയെപ്പൊഴോ
ജനൽച്ചില്ലയൂർന്നെത്തുമീറൻ നിലാവിന്റെ തിരിപോലെ
തിരുവോണമേ, എനിയ്ക്കേറെ പ്രിയം നിന്നെ.
എത്രയകന്നാലുമരികിലെത്തിത്തൊട്ടുനിൽക്കുമെൻ പ്രണയത്തെയെന്നപോൽ.